തിരുവനന്തപുരം: ആരോഗ്യ സർവ്വകലാശാല എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ക്രിസ്റ്റി റോസിന് ഇരട്ടിമധുരമായി പ്രിയതാരം മോഹൻലാലിന്റെ അഭിന്ദന സന്ദേശം. നേരിട്ട് ഫോണിൽ വിളിച്ചാണ് മോഹൻലാൽ റോസിനെ അഭിനന്ദനം അറിയിച്ചത്. കുട്ടിക്കാലം തൊട്ട് ആരാധിക്കുന്ന പ്രിയ നടൻ നേരിട്ട് ഫോൺ വിളിച്ച് അഭിനന്ദിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോഴും ഈ കുട്ടി ഡോക്ടർ.
തന്റെ പഠനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉള്ള സ്വപ്നങ്ങളെല്ലാം സാക്ഷാൽ മോഹൻ ലാലിനോട് സംസാരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് റോസ് പറഞ്ഞു. മോഹൻലാലിന്റെ അഭ്യുദയകാംക്ഷികളുടെയും ആരാധകരുടെയും നേതൃത്വത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനസംഘടനയായ നിർണയത്തെ കുറിച്ചും ലാൽ റോസിനോട് സംസാരിച്ചു. നേരിട്ട് കാണാമെന്ന് പറഞ്ഞാണ് മോഹൻലാൽ സംഭാഷണം അവസാനിപ്പിച്ചത്.
പാലക്കാട് ഒറ്റപ്പാലം പികെ ദാസ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയാണ് ക്രിസ്റ്റി റോസ്. ചങ്ങനാശ്ശേരി സ്വദേശിയായ അഭിഭാഷകൻ ജോസിയുടെയും വെണ്ണിക്കുളം ഗവൺമെന്റ് പോളിടെക്നിക് പ്രിൻസിപ്പിലായിരുന്ന ജൈനമ്മ ജോസിയുടേയും മകളാണ്. അമ്മ 2009ലും അച്ഛൻ 2016ലും മരിച്ചു. പിന്നീട് അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളും മറ്റുള്ളവരുടേയും സഹായത്തോടെയാണ് റോസ് പഠിച്ചത്. അപ്രതീക്ഷിതമായ തിരിച്ചടികളെ നേരിട്ട് വിജയത്തിന്റെ പാതയിലെത്തിയ റോസിനെ അഭിനന്ദിക്കുകയാണ് പരിചയപ്പെട്ട ഓരോരുത്തരും.
Discussion about this post