കുടുംബത്തെ വലിയൊരു അപമാനത്തില്‍ രക്ഷിക്കാനാണ് ശ്രമിച്ചത്: ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ തീരുമാനിച്ചിരുന്നു; അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍

കോഴിക്കോട്: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ പിതാവും പേരൂര്‍ക്കട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രന്‍.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജയചന്ദ്രന്‍ പറയുന്നു. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ സമ്മതത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘കരുതലും സ്നേഹവുമുള്ള ഒരച്ഛന്‍ മകള്‍ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങള്‍ അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എല്ലാ അച്ഛന്‍മാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക’ ജയചന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു ജയചന്ദ്രന്‍ പ്രതികരിച്ചത്.

‘അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയിരുന്നു. ഏറെ സ്നേഹവും ലാളനയും പിന്തുണയും നല്‍കിയാണ് മകളെ വളര്‍ത്തിയത്. ഡിഗ്രി അവസാന വര്‍ഷ വേളയിലാണ് മകള്‍ അജിത്തുമായി പ്രണയത്തിലാകുന്നത്. ഏതു വെല്ലുവിളികളെയും നേരിടാന്‍ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളര്‍ത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. അവള്‍ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു’.

‘അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകര്‍ത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാല്‍ അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്’.

‘ഈ സാഹചര്യത്തില്‍ ഒരച്ഛനും കുടുംബനാഥനുമെന്ന നിലയില്‍ എല്ലാ ധൈര്യവും സംഭരിച്ച് ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് താന്‍ ശ്രമിച്ചത്. കാര്യങ്ങളെല്ലാം ഞങ്ങള്‍ അറിയുമ്പോള്‍ അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. അന്നവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആ സമയത്ത് ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു?

ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കില്‍ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലല്ലായിരുന്നു അനുപമ. മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ ഞങ്ങള്‍ കൂട്ടായി തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ആഗ്രഹിച്ചിരുന്നു’.

‘പ്രസവിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. ഇതിനുശേഷം എല്ലാം ശാന്തമായി. കയ്പേറിയ ഭൂതകാലം മറന്ന് എല്ലാവരും സന്തോഷിച്ചു. ഇതിനിടെ മൂത്ത മകളുടെ കല്ല്യാണവും കഴിഞ്ഞു’.

‘പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കില്‍ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് മകളോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യവും അറിഞ്ഞത്. ആ സമയത്താണ് അജിത്ത് നസിയയുമായി വിവാഹ മോചനം നേടിയത്.

മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. കുട്ടിയെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിര്‍ത്തിട്ടില്ല. കുഞ്ഞിനെ തിരികെ കൊടുക്കരുതെന്ന് ഞാന്‍ ആരോടെങ്കിലും പറഞ്ഞോ? കുഞ്ഞിനെ നല്‍കാനുള്ള അവളുടെ തീരുമാനത്തെ ഞാന്‍ പിന്തുണച്ചു. ഇപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെങ്കില്‍ അത് തടയാന്‍ ഞാന്‍ ആരാണ്?

ഇത് നിയമപരവും വകുപ്പുതലത്തിലുമുള്ള പ്രശ്നമാണ്. ഇതില്‍ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ല. അനുപമ തന്റെ മകളാണ്. എല്ലാത്തിനുപരിയായ ഞങ്ങള്‍ അവളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. എന്റെ കഷ്ടപ്പാടുകള്‍ നിങ്ങള്‍ അനുഭവിക്കുമ്പോള്‍ മാത്രമേ മനസിലാകു’ – അദ്ദേഹം പറഞ്ഞു.

Exit mobile version