പൊതുമരാമത്ത് പ്രവൃത്തികള്‍ സമയത്ത് പൂര്‍ത്തിയാക്കണം: വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനായി വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

കാലാവസ്ഥയനുസരിച്ച് പണി തുടങ്ങുന്ന തരത്തില്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ഏകീകരിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയ്യാറാക്കുക. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതിന് റണ്ണിങ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പാക്കും. ഓരോ റോഡിന്റെയും അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏല്‍പ്പിക്കുന്നതാണ് രീതി. ഈ സംവിധാനം നടപ്പാക്കുമ്പോള്‍ എല്ലാ കരാറുകാരുടേയും പിന്തുണ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് മെയിന്റനന്‍സ് വിങ് ശക്തിപ്പെടുത്തും. ഉദ്യോഗസ്ഥര്‍ക്കൊപ്പം കരാറുകാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കുന്നതിനായി കെഎച്ച്ആര്‍ഐയില്‍ സംവിധാനം ഏര്‍പ്പെടുത്തും.

ഈ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ എല്ലാ സംഘടനകളും നിലകൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിലൊരിക്കല്‍ കരാറുകാരുടെ സംഘടനകളുടെ യോഗം നടത്തും. കരാറുകാരുടെ പ്രശ്നങ്ങള്‍ ഈ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version