കോട്ടയം:’എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ നടന്‍ ജയനെ ഓര്‍ക്കും. അപ്പോള്‍ ഒരു പവറും ധൈര്യവും കിട്ടും’, സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നു. സിനിമ താരം ജയന്റെ വലിയ ആരാധകനാണ് താനെന്ന് ജയദീപ് പറയുന്നു.
അന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും നിര്‍ദ്ദേശപ്രകാരമാണ് താന്‍ വണ്ടിയെടുത്തതെന്ന് ജയദീപ് ആവര്‍ത്തിച്ചു. ‘എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ ജയനെ ഓര്‍ക്കും. അപ്പോള്‍ ഒരു പവറും ധൈര്യവും കിട്ടും. അങ്ങനെയാണ് ഞൊടിയിണയില്‍ ആളുകളെ രക്ഷിച്ചത്’ ജയദീപ് പറഞ്ഞു.
വഴിയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന നാട്ടുകാരുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും നിര്‍ദ്ദേശപ്രകാരമാണ് വെള്ളക്കെട്ടിലൂടെ വണ്ടിയെടുത്തത്. ഒടുവില്‍ തനിക്ക് കിട്ടിയതാകട്ടെ സസ്പെന്‍ഷന്‍ ആണെന്നും ജയദീപ് പറയുന്നു.
‘പാതംമൂടി വെള്ളം മാത്രമേ വഴിയിലുണ്ടായിരുന്നുള്ളു. കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചപ്പോള്‍ വെള്ളമുണ്ടല്ലോ, എന്തു ചെയ്യണം എന്ന് ചോദിച്ചു. അദ്ദേഹം മുന്നോട്ടുവന്ന് വണ്ടിയെടുക്കാന്‍ പറഞ്ഞു. ചെറുവണ്ടിക്ക് പോകാമെങ്കില്‍ നമ്മുക്കും പോയിക്കൂടെ എന്ന് അദ്ദേഹം ചോദിച്ചു. യാത്രക്കാരോട് ചോദിച്ചപ്പോള്‍ ധൈര്യമായി പോകു എന്ന് പറഞ്ഞു. നിങ്ങളുടെ അനുവാദത്തോടെയാണ് വണ്ടി എടുക്കുന്നതെന്ന് അവരോട് പറഞ്ഞു. എങ്കിലും എന്റെ വലതുവശത്തേക്ക് നോക്കി വണ്ടിയെടുക്കാമോ എന്ന് നാട്ടുകാരോട് ചോദിച്ചു. അപ്പോള്‍ ഓളം വെട്ടിക്കാതെ വാഹനം എടുക്കാമെന്നും അവര്‍ പറഞ്ഞു.’
പെട്ടെന്നാണ് വെള്ളം കൂടിയതെന്നും ജയദീപ് പറഞ്ഞു. എന്നാല്‍ അപ്പോഴും ആളുകള്‍ വാഹനത്തിന്റെ മുന്നിലേക്കു വന്ന് വീഡിയോ എടുക്കുകയായിരുന്നു. എന്നാല്‍ അവര്‍ ഭയപ്പെടുമെന്ന് തോന്നിയപ്പോള്‍ പേടിക്കണ്ട, പള്ളിയോട് ചേര്‍ത്ത് വണ്ടി നിര്‍ത്താമെന്ന് പറഞ്ഞ് താന്‍ അവരെ ആശ്വസിപ്പിച്ചു.
എന്നാല്‍ ഉടന്‍ എന്‍ജിന്‍ ഓഫാവുകയായിരുന്നു. എങ്കിലും ക്ലച്ച് അമര്‍ത്തി ചവുട്ടിക്കൊണ്ട് മതിലിനോട് ചേര്‍ത്ത് ബസ് നിര്‍ത്തി. ശേഷം നാട്ടുകാരെത്തി ആളുകളെ പുറത്തെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ബസിലെ ജനങ്ങളെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജയദീപിനെതിരെ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. ജയദീപ് ബസ് വെള്ളക്കെട്ടില്‍ ഇറക്കിയതിലൂടെ കെഎസ്ആര്‍ടിസിക്ക് 5,33,000 രൂപ നഷ്ടം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബസിന് മനപ്പൂര്‍വ്വം കേട് വരുത്താന്‍ ജയദീപിന് ഉദേശമുണ്ടായിരുന്നെന്നു എഫ്‌ഐആറില്‍ പറയുന്നു. ഈരാറ്റുപേട്ട സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post