കൊല്ലം: അച്ഛനമ്മമാര്‍ മരണപ്പെട്ട സഹോദരികളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച് സിപിഎം. തേവള്ളി പാലസ് നഗര്‍ വിളയില്‍ വീട്ടില്‍ രാജലക്ഷ്മിയ്ക്കും ശ്രീലക്ഷ്മിയ്ക്കുമാണ് പാര്‍ട്ടി തണലില്‍ സുരക്ഷിതത്വമുള്ള സ്‌നേഹവീട് ഒരുങ്ങിയത്.
വാസയോഗ്യമല്ലാത്ത വീട്ടില്‍ അമ്മൂമ്മയോടൊപ്പമാണ് രാജലക്ഷ്മിയും ശ്രീലക്ഷ്മിയും കഴിഞ്ഞിരുന്നത്. മഴക്കെടുതിയില്‍ വീടിന്റെ വശങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനിടെ അമ്മൂമ്മ മരിച്ചു. ഇതോടെയാണ് സഹായഹസ്തവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
ഒരു ലോക്കലില്‍ ഒരു വീട്’ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ക്ക് സിവില്‍സ്റ്റേഷന്‍ ലോക്കല്‍ കമ്മിറ്റി വീടൊരുക്കാന്‍ തീരുമാനിച്ചത്. ഇവരുടെ പേരിലുള്ള മൂന്നു സെന്റിലാണ് എട്ടരലക്ഷം രൂപ ചെലവില്‍ 500 ചതുരശ്രഅടിയില്‍ വീട് നിര്‍മിച്ചത്. പൂര്‍ണമായും ടൈല്‍ പാകിയ വീട്ടില്‍ രണ്ടു കിടപ്പുമുറി, ഹാള്‍, അടുക്കള, ശുചിമുറി, സിറ്റ്ഔട്ട് സൗകര്യങ്ങളുണ്ട്.
തേവള്ളി റേഷന്‍കട ജങ്ഷനു സമീപമുള്ള വീടിന്റെ താക്കോല്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കൈമാറി. ഭവനനിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എസ് രാജ്‌മോഹന്‍ അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി എഎം ഇക്ബാല്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ ഷാനവാസ്ഖാന്‍, എം വിശ്വനാഥന്‍, ആര്‍ വിജയന്‍, സബിതാ ബീഗം, പാരിപ്പള്ളി രവീന്ദ്രന്‍, ഡി രാജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എസ് അജയകുമാര്‍ സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം ടിപി രാധാകൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.