വയോധിക തനിച്ചുതാമസിക്കുന്ന വീട്ടിൽ വൻകവർച്ച; വാതിൽ തകർത്ത് കവർന്നത് സ്വർണാഭരണങ്ങളും പണവും

കടുത്തുരുത്തി: വീട്ടമ്മ തനിച്ച് താമസിക്കുന്ന വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ചിരുന്ന 17 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നതായി പരാതി. പാലകര മാമല ത്രേസ്യാമ്മ മാത്യുവിന്റെ (83) വീട്ടിലാണ് കവർച്ച. ഇന്നലെ പുലർച്ചെയാണ് സംഭവം.

ഭർത്താവ് മാത്യു മരിച്ചതോടെ ത്രേസ്യാമ്മ തനിച്ചാണ് കടുത്തുരുത്തി – തോട്ടുവ റോഡരികിലെ വീട്ടിൽ താമസിക്കുന്നത്. ഇന്നലെ പുലർച്ചെ നാലരയോടെ ത്രേസ്യാമ്മ എഴുന്നേറ്റപ്പോൾ അലമാരകൾ തുറന്നുകിടക്കുന്നതായി കാണുകയായിരുന്നു. ഇതോടെ നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി വ്യക്തമായത്. അടുക്കളവശത്തെ വാതിൽ ചവിട്ടിത്തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്താണ് അലമാരകൾ തുറക്കുകയും സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്തത്.

അലമാരയിൽ നിന്നും 3 മാലകൾ, 5 വളകൾ, 3 മോതിരം ഒരു സ്വർണക്കൊന്ത, അലമാരയിൽ ഇരുന്ന 5000 രൂപ എന്നിവയാണ് നഷ്ടമായതെന്ന് ത്രേസ്യാമ്മ പറഞ്ഞു. ത്രേസ്യാമ്മ കിടന്നിരുന്ന മുറിയിലെ അലമാരയിലാണ് ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്. പരാതിയെ തുടർന്ന് വൈക്കം ഡിവൈഎസ്പി എജെ തോമസ്, എസ്‌ഐ ബിബിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.

കോട്ടയത്തു നിന്നു വിരലടയാള വിദഗ്ധരും പോലീസ് നായയും എത്തി തെളിവുകൾ ശേഖരിച്ചു. വീട്ടിൽ നിന്നു മണം പിടിച്ച് ഓടിയ പോലീസ് നായ വീടിന് 200 മീറ്റർ അകലെ ഒഴിഞ്ഞുകിടക്കുന്ന വീട്ടിലെത്തിനിന്നു. ഈ വീട് ത്രേസ്യാമ്മയുടെ മകളുടേതാണ്. ഇവിടെ അടുത്തിടെ വരെ വാടകക്കാർ താമസിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസം വീടൊഴിഞ്ഞു. ഇവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

വീട്ടിൽ നിന്ന് എടുത്തതെന്നു കരുതുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി എജെ തോമസ് പറഞ്ഞു. ഇതു രണ്ടാം തവണയാണ് ത്രേസ്യാമ്മയുടെ വീട്ടിൽ കവർച്ച നടക്കുന്നത്. 10 വർഷം മുൻപ് 7.50 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി മകൾ നിർമല പറഞ്ഞു.

Exit mobile version