എറണാകുളം: ഫോര്‍ട്ടുകൊച്ചി മാന്ത്രയില്‍ പ്രധാന റോഡിലെ കാനപണി കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. അസിസ്റ്റന്റ്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാന പുതുക്കി നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പഴയ കാനയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പേരിന് സിമന്റും മെറ്റലും വാരിയിട്ടാണ് കാനയുടെ അടിഭാഗം പണിയുന്നത്. വെള്ളത്തില്‍ കിടക്കുന്ന സിമന്റില്‍ പണിക്കാരന് കൈപ്പാണി വെച്ച് തേയ്ക്കുന്നുമുണ്ടായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന തട്ടിക്കൂട്ട് പണി നാട്ടുകാര്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ സൈബറിടത്ത് തരംഗമായി കഴിഞ്ഞു. പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചിയില്‍,ഡ്രെയിനേജ് നിര്‍മ്മാണത്തിന് കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post