കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കനത്തമഴ തുടരുന്നു. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും
പത്തനംതിട്ടയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്.
കോട്ടയം വണ്ടന്‍പതാല്‍ മേഖലയില്‍ ചെറിയ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സീതത്തോട് കോട്ടമണ്‍പാറയില്‍ വെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതുവരെയും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പത്തനംതിട്ടയില്‍ സീതത്തോട് കോട്ടമണ്‍ പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലും റാന്നി കുറമ്പന്മൂഴി പനങ്കുടന്ന വെള്ളച്ചാട്ടത്തിന് സമീപവുമാണ് ഉരുള്‍ പൊട്ടിയതായി സംശയിക്കുന്നത്. പ്രദേശത്ത് കുത്തൊഴുക്ക് രൂക്ഷമാണ്. കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ലക്ഷ്മീഭവനില്‍ സഞ്ജയന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാളുടെ പുരയിടത്തിലെ തൊഴുത്തും തകര്‍ന്നു. അങ്ങമൂഴി പാലത്തിനു മുകളിലുടെ വെളളം ഒഴുകുന്നതായാണ് വിവരം.
ആങ്ങമൂഴി വനത്തിനകത്താണ് ഉരുള്‍പൊട്ടിയത്. ജനവാസ മേഖലയില്‍ അല്ല ഉരുള്‍പൊട്ടലുണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. ഉരുള്‍പൊട്ടലിന് പിന്നാലെ പമ്പയാറിന്റെ കൈവഴിയില്‍ ജലനിരപ്പ് കൂടി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഉരുള്‍പൊട്ടിയത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം വനമേഖലയില്‍ മാത്രം 7.4 സെന്റീമീറ്റര്‍ മഴ പെയ്തു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമായ അളവില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്. ഇതേ തുടര്‍ന്ന് മണിമലയാറ്റില്‍ നീരൊഴുക്ക് കുടിയിട്ടുണ്ട്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ പശ്ചാത്തലത്തില്‍ വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ് നിലവിലുള്ളത്.
ഉച്ചക്ക് മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയര്‍ന്നതിനാല്‍ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി- മണ്ണാര്‍ക്കയം റോഡിലെ കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റിവരുകയാണ്.
Discussion about this post