വികസനക്കുതിപ്പിലേക്ക് കേരളം: ഹൈസ്പീഡ് വേഗത്തില്‍ പൊതുമരാമത്ത് വകുപ്പ്; പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചും ‘ശിക്ഷാനടപടി’കളുമായി മാതൃകയായി കൈയ്യടി നേടി മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിച്ച കരാര്‍ കമ്പനിയ്ക്കെതിരെയും കരാറുകാരനെതിരെയും ശക്തമായ നടപടിയെടുത്ത് കേരളത്തിന്റെ കൈയ്യടി നേടുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതാണ് മന്ത്രി, ഇങ്ങനെയാവണം മന്ത്രി.

യുവത്വത്തിന്റെ ആവേശം കൈവിടാതെ ചുറുചുറുക്കോടെ പ്രവൃത്തികള്‍ കൃത്യമായി വിലയിരുത്തിയാണ് മന്ത്രി ജനമനസ്സുകളില്‍ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നത്. വാക്കല്ല, പ്രവൃത്തിയാണ് മികച്ച ജനപ്രതിനിധിയ്ക്ക് അഭികാമ്യമെന്ന് തെളിയിക്കുകയാണ് പൊതുമരാമത്ത് മന്ത്രി.

ഏറ്റവും അടുത്തതായി, ഫോര്‍ട്ട് കൊച്ചിയില്‍, ഡ്രെയിനേജ് നിര്‍മ്മാണത്തിന് കൃത്രിമം കാണിച്ച സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് മന്ത്രി. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പിഡബ്യുഡിയുടെ എല്ലാ ജോലികളും കൃത്യമായിത്തന്നെ മന്ത്രി മേല്‍നോട്ടം വഹിയ്ക്കുന്നതിന്റെ ഉത്തമോദാഹരണമാണ് അടുത്തിടെയായി വന്ന വാര്‍ത്തകളൊക്കെ തന്നെ.

റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിച്ചതിന് കരാര്‍ രംഗത്തെ ശക്തരായ നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. കോഴിക്കോട് ജില്ലയിലെ കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കാനാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചത്. ദേശീയ പാത 766ല്‍ നടക്കുന്ന പ്രവര്‍ത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവര്‍ത്തിയിലാണ് കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം വരുത്തിയത്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് സെപ്തംബര്‍ മാസത്തില്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്‍കിയിരുന്നു.

ഒരു ഭാഗത്തെ പ്രവര്‍ത്തി ഒക്ടോബര്‍ 15നകം തീര്‍ക്കണം എന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കരാറുകാരന്‍ മന്ത്രിയുടെ നിര്‍ദേശത്തിന് കാര്യമായ വില നല്‍കിയില്ല. തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞിരിക്കുന്നത്.

സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ ശക്തമായ നിയമസഭയിലും കരാറുകാരെ കൂട്ടിവരുന്ന എം.എല്‍.എമാരെയും മന്ത്രി വിമര്‍ശിച്ചിരുന്നു. അഴിമതി കരാര്‍ രംഗത്ത് വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും മന്ത്രി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസംഗത്തിന് ശേഷമുള്ള ആദ്യത്തെ നടപടിയായിരുന്നു ഇത്.

മന്ത്രി കസേരയില്‍ ഇരുന്ന് നിര്‍ദേശം നല്‍കുക മാത്രമല്ല, മറിച്ച് വകുപ്പിന്റെ എല്ലായിടത്തും നേരിട്ടെത്തി കൃത്യമായി തന്നെ ഇടപെടുന്നതും മാതൃകയാവുകയാണ്.

കേരളത്തിന്റെ സ്വപ്നപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്നത്. ഇതിനായി വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ‘Accelerate pwd’ എന്നൊരു പരിപാടിയും വകുപ്പ് ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും ഒരു പ്രധാന പദ്ധതി മന്ത്രി നേരിട്ട് വിലയിരുത്തുന്നുണ്ട്. വളരെ ഫലപ്രദമായി ഇത് മുന്നോട്ട് പോവുകയാണ്.

Accelerate pwdയുടെ ഭാഗമായി ശനിയാഴ്ച മന്ത്രി നേരിട്ടെത്തി സംസ്ഥാനത്തെ മലയോര ഹൈവേ തീരദേശ ഹൈവെ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

2022 മെയില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാന പദ്ധതിയായാണ് പൊതുമരാമത്ത് വകുപ്പ് ഈ എലിവേറ്റഡ് ഹൈവേയെ കാണുന്നുതെന്നും, സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരു സമയപരിധി നിശ്ചയിക്കുകയും അതിനനുസരിച്ച് പ്രവൃത്തികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

കഴക്കൂട്ടം മുതല്‍ 2.71 കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടക്കുന്നത്. നിലവില്‍ 1.6 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. കഴക്കൂട്ടം മുതല്‍ മിഷന്‍ ഹോസ്പിറ്റല്‍ വരെയുള്ള ഭാഗത്തെ പിയര്‍ ക്യാപ്പുകളും ഗര്‍ഡറുകളും സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

200 കോടി രൂപയോളം ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതിയില്‍ മൂന്ന് അണ്ടര്‍ പാസുകളുമുണ്ട്. 250ഓളം തൊഴിലാളികളാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം കഴക്കൂട്ടം മേല്‍പാലത്തിന്റെ നിര്‍മ്മാണ പുരോഗതിയും മന്ത്രി നേരിട്ടെത്തി തന്നെ വിലയിരുത്തിയ നിശ്ചയിച്ച പ്രകാരം വളരെ വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഭാഗമായി ആരംഭിക്കുന്ന 3 റെയില്‍വെ മേല്‍പാലങ്ങള്‍, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ മലയോര ഹൈവേ, തീരദേശ ഹൈവേ, മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് നിര്‍മ്മാണ പ്രവൃത്തി
തുടങ്ങി സംസ്ഥാനത്തെ പ്രധാന പദ്ധതികളുടെ പുരോഗതി യോഗം ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ട്.

മുന്‍പ് പിഡ്യുഡി പണികള്‍ക്ക് ഒച്ചിഴയും വേഗമാണെന്ന് ആക്ഷേപിച്ചിരുന്നവര്‍, ഇന്ന് മന്ത്രി മുഹമ്മദ് റിയാസിന് കൈയ്യടിയ്ക്കുകയാണ്, ശക്തമായ മേല്‍നോട്ടത്തില്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ ഹൈസ്പീഡായി കുതിയ്ക്കുന്നതും കണ്ടുകൊണ്ട്.

Exit mobile version