പത്തനംതിട്ട: തമിഴ്നാട്ടില്‍ നിന്നെത്തിയ മനിതി സംഘം ശബരിമല സന്ദര്‍ശിക്കാതെ പമ്പയില്‍ നിന്ന് മടങ്ങിയതിന് തൊട്ടു പിന്നാലെ വയനാട്ടില്‍ നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമല യാത്രയില്‍ നിന്നും പിന്മാറി. എരുമേലിയില്‍ നിന്നാണ് അമ്മിണി മടങ്ങിയത്. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മിണി മടങ്ങാന്‍ തീരുമാനിച്ചത്.
ഞായറാഴ്ച രാവിലെ പൊന്‍കുന്നരം പോലീസ് സ്റ്റേഷനിലെത്തിയ അമ്മിണിയ്ക്ക് നിലയ്ക്കല്‍ വരെ സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചിരുന്നു. അമ്മിണിയെ എരുമേലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
അതേസമയം, സുരക്ഷാ പ്രശ്നമുണ്ടെന്ന പോലീസ് നിലപാട് അംഗീകരിച്ചാണ് മനിതി സംഘത്തിന്റെ പിന്‍മാറ്റം. സുരക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്നും മനിതി അംഗങ്ങള്‍ വ്യക്തമാക്കി. പോലീസ് തങ്ങളെ നിര്‍ബന്ധിച്ചു തിരിച്ചയച്ചതാണെന്നു സംഘടനാ നേതാവ് സെല്‍വി പ്രതികരിച്ചു.
സംഘം തിരികെ മധുരയിലേക്കു മടങ്ങും. ആവശ്യമുള്ള സ്ഥലം വരെ പോലീസ് സുരക്ഷ ഉറപ്പാക്കും. പമ്പയിലും ശരണപാതയിലും സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. മനിതി അംഗങ്ങള്‍ വഴി തടഞ്ഞവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷമാണു മടങ്ങുന്നത്.