കാഞ്ഞിരപ്പള്ളി: മുണ്ടക്കയത്ത് മണിമലയാറിൽ ഒഴുക്കിൽപ്പെട്ട അലമാര ഒടുവിൽ കുട്ടനാട് വരെ ഒഴുകി തിരിച്ചെത്തി. ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയിൽ വല വീശാൻ ഇറങ്ങിയ മണ്ണൂത്ര ഷാജിക്കും കൂട്ടുകാർക്കുമാണ് ഒഴുകിവന്നത് തേക്കിന്റെ അലമാര കൈയ്യിൽ കിട്ടിയത്. ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബാങ്ക് പാസ്ബുക്ക് ലഭിച്ചത്. വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണന്റേതാണെന്നു വ്യക്തമായി.
അന്വേഷണങ്ങൾക്ക് ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു. അങ്ങനെ, 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ മരത്തിന്റെ അലമാര സ്വന്തം വീട്ടിൽ തിരിച്ചെത്തി. കണ്ണന്റെ സഹോദരൻ സാബുവിനു 30 വർഷം മുൻപ് സമ്മാനമായി ലഭിച്ചതായിരുന്നു ഈ അലമാര.
ഇതിനിടെ, പുഴയെടുത്ത ആധാരം പുഴ തന്നെ തിരികെ നൽകിയ സംഭവവും ഉണ്ടായി. പ്രളയത്തിന്റെ ആറാം ദിവസമാണ് കണ്ണനും ഭാര്യ സെൽവിക്കും തങ്ങളുടെ ആധാരം തിരികെക്കിട്ടിയത്. മുണ്ടക്കയം കോസ്വേ പാലത്തിനു സമീപമാണ് ഇവരുടെ താമസം. പ്രളയത്തിൽ എല്ലാം ഒലിച്ചുപോയ കൂട്ടത്തിൽ ആധാരം സൂക്ഷിച്ചിരുന്ന ബാഗും നഷ്ടപ്പെടുകയായിരുന്നു.
ഈ ബാഗ് ആലപ്പുഴ ചേന്നങ്കരി ആര്യഭവൻ ബേബിക്കാണ് ഇന്നലെ പുഴയിൽനിന്നു ലഭിച്ചത്. നെടുമുടിയിൽനിന്നു വേണാട്ട് ഭാഗത്തേക്കു വള്ളത്തിൽ പോകുന്നതിനിടെ ചേന്നങ്കരി പാലത്തിൽ ഉടക്കിയ നിലയിലാണു ബാഗ് കണ്ടതെന്നു ബേബി പറഞ്ഞു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെകെ സുരേഷിന്റെ സഹായത്താൽ ബാഗ് കണ്ണനു കൈമാറി.
ഇതിനിടെ നഷ്ടപ്പെട്ട പലസാധനങ്ങളും തിരികെക്കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മിക്കവരും. കറിക്കാട്ടൂർ പാറക്കുഴി പികെ ജോയി ഓട്ടോറിക്ഷ വർക്ഷോപ്പിൽ നിർത്തിയിട്ടതായിരുന്നു. അവിടെനിന്ന് ഓട്ടോ ഒഴുകിപ്പോയി. പുഴയൊഴുകിയ വഴിയിൽ അന്വേഷണം നടത്തുകയാണെന്ന് ജോയി പറയുന്നു. സാധനങ്ങൾ നഷ്ടപ്പെട്ട പലരും ഇതേപോലെ പ്രതീക്ഷയിലാണ്.
Discussion about this post