തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്ത് കൈമാറിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അനുപമ പ്രത്യക്ഷ സമരത്തിന്. ശനിയാഴ്ച നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷൻ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി.
കുട്ടിയെ നഷ്ടമായി ഒരു വർഷം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അനുപമ പ്രതികരിച്ചു. അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകളും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാർ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേൽവിലാസമാണ് തെറ്റായി നൽകിയതും.
2020 ഒക്ടോബർ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റ് നൽകിയതും. എന്നാൽ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് ജനന സർട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞതെന്നും അനുപമയും അജിത്തും ആരോപിച്ചു.
അജിത്തുമായി പ്രണയത്തിലായത് മുതൽ വീട്ടുകാർക്ക് എതിർപ്പായിരുന്നുവെന്നും ഗർഭിണിയായപ്പോൾ മുതൽ കുട്ടിയെ നശിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നുവെന്നും അനുപമ മുൻപ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നൽകാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാർ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.
Discussion about this post