ന്യൂയോര്‍ക്ക്: തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ നവീന്‍ റസാഖിന്റേയും ജാനകി ഓംകുമാറിന്റെ വൈറലായ റാസ്പുടിന്‍ നൃത്തത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി.
യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്സ് റിപ്പോര്‍ട്ടര്‍ കരിമ ബെന്നൂനാണ് നൃത്തത്തെ പ്രശംസിച്ചും വിവാദമാക്കിയവരെ വിമര്‍ശിച്ചും രംഗത്തെത്തിയത്. വീഡിയോയ്ക്ക് ലഭിച്ച വിമര്‍ശനം സാംസ്‌കാരിക മിശ്രണത്തിന് എതിരായ അപകടകരമായ പ്രതിഫലനമാണെന്നും അവര്‍ പറഞ്ഞു.
സംസ്‌കാരികമായ കൂട്ടായ്മകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് കരീമയുടെ പരാമര്‍ശം. ‘സാംസ്‌കാരിക വേര്‍തിരിവുകള്‍ മാറ്റിനിര്‍ത്തി ഒന്നിച്ചു നൃത്തം ചെയ്ത രണ്ട് യുവതീ യുവാക്കള്‍ക്ക് ലഭിച്ച വ്യാപകമായ പിന്തുണയായിരുന്നു. ഒപ്പം മൗലിക വാദികള്‍ വലിയ അധിക്ഷേപങ്ങളും ഇവര്‍ക്കെതിരെ നടത്തുകയുണ്ടായി. വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഇവര്‍ ഇടയാക്കപ്പെട്ടു. എന്നാല്‍ ഇനിയും ഒന്നിച്ച് ഡാന്‍സ് ചെയ്യുമെന്നായിരുന്നു ജാനകിയുടെയും നവീന്റെയും പ്രതികരണം.. ഇത് പ്രശംസനീയമാണെന്നും ബെന്നൂന്‍ പറഞ്ഞു.
21ാം നൂറ്റാണ്ടില്‍ വിവേചനമില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങള്‍ ഉറപ്പുനല്‍കാനുള്ള ഒരേയൊരു മാര്‍ഗം സാംസ്‌കാരിക കൂടിച്ചേരലുകളും ക്രിയാത്മകതകളും ശക്തമായി സംരക്ഷിക്കുക എന്നതാണെന്നും കരിമ ബെന്നൂന്‍ പറഞ്ഞു.
മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്‍ റസാഖും ജാനകി ഓം കുമാറും തൃശൂര്‍ മെഡിക്കല്‍ കോളേജ് വരാന്തയില്‍ വച്ച് റാസ്പുടിന്‍ ഗാനത്തിന് വച്ച ചുവടുകള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനിടയില്‍ ഇരുവരുടേയും പേരുകളില്‍ നിന്ന് വീഡിയോയ്ക്ക് മതം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും നിരവധി പേര്‍ നവീനും ജാനകിക്കും പിന്തുണയുമായി എത്തിയിരുന്നു.