അങ്കമാലി: അരലക്ഷത്തോളം രൂപ പണിയെടുത്ത വകയിൽ കൂലി നൽകാനുണ്ടായിട്ടും നൽകാതെ കബളിപ്പിച്ച കരാറുകാരനെ ആക്രമിക്കാനായി തോക്കുമായി കറങ്ങിയ രണ്ട് യുപി സ്വദേശികളെ പിടികൂടി. കരാറുകാരനെ വകവരുത്താനാണ് ഇവർ തോക്ക് സഹിതം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.
ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹാൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പണിയെടുത്ത വകയിൽ ബുർഹാൻ അഹമ്മദിന് കരാറുകാരൻ 48,000 രൂപ നൽകാനുണ്ടായിരുന്നുവെന്നാണ് വിവരം.
ഈ പണം നൽകാത്തതിനെ തുടർന്നാണ് ഉത്തർപ്രദേശിൽനിന്ന് സുഹൃത്ത് ഗോവിന്ദകുമാറിനെ തോക്കുമായി ബുർഹാൻ വിളിച്ചു വരുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തോക്കുമായി നടക്കുന്നതായി ജില്ല പോലീസ് മേധാവി കെ കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതോടെയാണ് അന്വേഷണമുണ്ടായത്.
പിന്നാലെ അങ്കമാലി സ്റ്റേഷൻ ഹൗസ് ഓഫിസർ സോണി മത്തായിയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പ്രതികളെ തോക്കുമായി പിടികൂടുകയായിരുന്നു. വെടിമരുന്ന് നിറച്ച് ഉപയോഗിക്കാവുന്ന ലൈസൻസില്ലാത്ത പഴയ ഇനം തോക്ക് ബാഗിൽ നിന്നാണ് കണ്ടെടുത്തത്. പ്രതികളിൽനിന്ന് കത്തിയും വയർക്കട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഗോവിന്ദകുമാർ വാടക ഗുണ്ടയായി എത്തിയതാണോ എന്ന കാര്യവും മറ്റ് ബന്ധങ്ങളും കേസുകളും പോലീസ് അന്വേഷിച്ച് വരുകയാണ്. ഇയാൾ തോക്ക് ഉത്തർപ്രദേശിൽ നിന്ന് പണം കൊടുത്ത് വാങ്ങിയതാണെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.
എസ്‌ഐ കെഅജിത്, എഎസ്‌ഐ പിജി സാബു, സിപിഒമാരായ പ്രസാദ്, ബെന്നി ഐസക്ക്, വിപിൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.