പിഎസ്‌സി കോച്ചിങിനും ഡ്രൈവിങിനും ചേർന്നു; ഭർത്താവിന് ഭക്ഷണം പൊതിഞ്ഞുനൽകി കുളിക്കാനായി പോയി; പിന്നെ ആദിത്യയെ കണ്ടത് തൂങ്ങി മരിച്ചനിലയിൽ; ദുരൂഹത

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രം പിന്നിടുന്നതിനിടെ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത. പന്ത ഇടവച്ചൽ റോഡരികത്ത് വീട്ടിൽ എസ് രഘുവിന്റെയും ഇന്ദിരയുടെയും മകൾ ആർ ആദിത്യ (23) ആണ് മരിച്ചത്. ഭർത്താവ് മിഥുൻ കഴക്കൂട്ടം വാട്ടർ അതോറിറ്റി ഓഫീസിലെ താൽക്കാലിക ഡ്രൈവർ ആണ്.

മിഥുനിന്റെ വീടായ ആനന്ദേശ്വരം അണിയിലക്കടവ് മിഥുനാലയത്തിലെ കിടപ്പുമുറിയിലാണ് രാവിലെ ആദിത്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 25ന് ആയിരുന്നു ഇവരുടെ വിവാഹം. രാവിലെ എട്ടരയോടെ ജോലിക്ക് പോയ മിഥുനിന് ഭക്ഷണം പൊതിഞ്ഞു നൽകിയതും ആദിത്യയായിരുന്നു. ശേഷം കുളിക്കാനെന്നു പറഞ്ഞ് ആദിത്യ മുറിയിൽ കയറി വാതിൽ അടച്ചുവെന്നാണ് പോലീസിനു ബന്ധുക്കൾ നൽകിയ മൊഴി. ഏറെ സമയം കഴിഞ്ഞും കാണാതായതിനെത്തുടർന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

പിന്നീട് ഇവർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. നിലവിളി കേട്ട് സമീപവാസികൾ എത്തി വാതിൽ പൊളിച്ചു അകത്തുകയറിയെങ്കിലും മരണം സംഭവിച്ചിരുന്നു.

രാവിലെ കാരിയോട്ട് ഡ്രൈവിങ് പരിശീലനത്തിനും രണ്ട് ദിവസമായി ആര്യനാട്ട് പിഎസ്സി ക്ലാസിനും പോകുന്നുണ്ടായിരുന്നു ആദിത്യ. മിഥുനിന്റെ മാതാപിതാക്കളായ മോഹനന്റെയും ബിന്ദുവിന്റെയും 30ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. ആഘോഷത്തിനായി ആദിത്യയുടെ അച്ഛനും അമ്മയും എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും മോഹനൻ പറഞ്ഞു. കേക്ക് ഉൾപ്പടെ ഓർഡർ ചെയ്തതും ആദിത്യയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.

ലാൻഡ് റവന്യു തഹസിൽദാർ ജി മോഹന കുമാരൻ നായരുടെ സാന്നിധ്യത്തിൽ ആര്യനാട് പോലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. അക്ഷരയാണ് ആദിത്യയുടെ സഹോദരി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവനത്തിനായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Exit mobile version