വെല്ലിങ്ടണ്‍: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദഗ്ദ്ധ പരിശീലനത്തിലൂടെ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് സുമനസുകളുടെ സഹായം തേടി പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ യൂണിവേഴ്‌സല്‍ മാജിക് സെന്ററും ചില്‍ഡ്രന്‍ ഓഫ് ഡിഫറന്റ് ആര്‍ട്ട് സെന്ററും.
ഇതിനായി ന്യൂസിലാന്‍ഡ് നവോദയയുടെ സഹകരണത്തോടെ ഒക്ടോബര്‍ സംഘടിപ്പിക്കുന്ന ‘വിസ്മയ സാന്ത്വനം’ പരിപാടിയില്‍ മുതുകാടിന്റെയും ഭിന്നശേഷിയുള്ള കുട്ടികളുടെയും ജാലവിദ്യകളും കലാപരിപാടികളും ഉണ്ടാകും. ഒക്ടോബര്‍ 23 ശനിയാഴ്ച വൈകിട്ട് ന്യൂസിലാന്‍ഡ് സമയം വൈകിട്ട് 7.30ന്(ഇന്ത്യന്‍ സമയം 11.30നു) ഓണ്‍ലൈനായിട്ടാണ് വിസ്മയ സാന്ത്വനം പരിപാടി സംഘടിപ്പിക്കുന്നത്. വിസ്മയ സാന്ത്വനം വീക്ഷിക്കുന്നതിനും പരിപാടിയുടെ ഭാഗമാകാനും ന്യൂസിലാന്‍ഡ് നവോദയയുടെ https://www.navodaya.org.nz/2021/10/05/vismayasaanthwanam/ എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.
ഒരു ചാരിറ്റബിള്‍ സ്ഥാപനമായ മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പുനരധിവാസത്തിന് അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കു വേണ്ടിയാണ് വിസ്മയ സ്വാന്തനം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പരിശീലനം നേടുന്ന കുട്ടികളുടെ പുനരധിവാസത്തിന് കൈത്താങ്ങാകുക എന്നതാണ് ലക്ഷ്യം.
അവരില്‍ പരമാവധി കുട്ടികള്‍ക്ക് പെര്‍ഫോമേഴ്‌സായിട്ട് തൊഴില്‍ നല്‍കുന്നതിനായിട്ടാണ് യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന വലിയൊരു പദ്ധതിയാണ് ഇതിനായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ഭൂമിയിലാണ് യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന സ്വപ്ന പദ്ധതി, എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഈ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടത് ഭിന്നശേഷിയുള്ള ഒരുപാട് കുട്ടികളുടെയും അവരുടെ കണ്ണീരൊഴുക്കുന്ന അമ്മമാരുടെയും സ്വപ്നമാണ്. അത്രത്തോളം പിന്നാക്കം നില്‍ക്കുന്ന കുട്ടികളെയാണ് ഈ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നതെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ നവോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ന്യൂസിലാന്‍ഡ് നവോദയ ഭാരവാഹികള്‍ പറഞ്ഞു. ഒരു മലയാളി സംഘടന ന്യൂസിലാന്‍ഡില്‍ മൊത്തമായി സംഘടിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്.
യൂണിവേഴ്‌സല്‍ മാജിക് സെന്ററും ചില്‍ഡ്രന്‍ ഓഫ് ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളെ മാനസികമായി ശാരീരികമായും പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വലിയൊരു പദ്ധതിക്ക് കൈത്താങ്ങാകാനാണ് വിസ്മയ സാന്ത്വനം പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനോടകം ഗള്‍ഫ് രാജ്യങ്ങളിലും സിംഗപ്പുരിലുമൊക്കെ സംഘടിപ്പിച്ച വിസ്മയ സാന്ത്വനം പരിപാടിക്ക് വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഇത് ന്യൂസിലാന്‍ഡിലും തുടരാനാണ് തങ്ങളുടെ ശ്രമമെന്ന് നവോദയ ഭാരവാഹികള്‍ അറിയിച്ചു.
ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി, അവരെ പരിപോഷിപ്പിച്ച് ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന വളരെ വലിയ ലക്ഷ്യമാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ മുന്നോട്ടുവെക്കുന്നതെന്ന് ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നവോദയ ന്യൂസിലാന്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിസ്മയ സാന്ത്വനം പരിപാടി.
കേവലം ഒരു കലാപരിപാടിയായി ഇതിനെ കാണേണ്ടതില്ല. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. എല്ലാവരും ഈ പരിപാടിയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.