ചങ്ങനാശ്ശേരി: കേരളത്തിലങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് കാൻസർ രോഗികളെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ ഡോ. സിപി മാത്യുവിനു കണ്ണീരോടെ വിട. ചങ്ങനാശ്ശേരി തുരുത്തിയിലെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ ഹിന്ദുമതാചാരപ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
മൂത്ത മകൻ മോഹൻ, ശിഷ്യനായ ഡോ. ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഡോ. സിപി മാത്യുവിന്റെ ആഗ്രഹപ്രകാരം സൂര്യകാലടിമനയിൽനിന്നു നിർദേശം സ്വീകരിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിന് അന്ത്യകർമങ്ങൾ ചെയ്തു. സാമൂഹിക, സാംസ്കാരിക രാഷ്ട്രീയരംഗത്തുള്ളവരും അദ്ദേഹം ചികിത്സിച്ചു രോഗംഭേദമാക്കിയവരുൾപ്പെടെ നിരവധിപ്പേർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ഡോ. സിപി മാത്യു തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്, വൈസ് പ്രിൻസിപ്പൽ എന്നീ നിലയിലുംപ്രവർത്തിച്ചു. 1954-ൽ സർവീസിൽ പ്രവേശിച്ച ഡോക്ടർ അടുത്തകാലംവരെ മണർകാട് ചെറിയാൻ ആശ്രമത്തിൽ രോഗികളെ പരശോധിക്കുമായിരുന്നു. സിദ്ധവൈദ്യത്തിലും പ്രാക്ടീസ് ചെയ്തു. 93-ാം വയസ്സിലും ചികിത്സാരംഗത്ത് സജീവമായിരുന്നു. ഇതിനിടെയാണ് വാർധക്യ സഹജമായ അസുഖങ്ങൾ കാരണം അദ്ദേഹം വിടവാങ്ങിയത്.
Discussion about this post