കൊച്ചി : ”വലിയ കല്ലുകള്‍ ഇനിയും താഴേക്ക് ഉരുണ്ടുവന്ന് എന്റെ മേല്‍ പതിക്കും. രക്ഷിക്കാന്‍ എന്റെ പപ്പയും ഈ ലോകത്തില്ലല്ലോ. എന്റെ വീടില്ലാത്ത, പപ്പയില്ലാത്ത ആ മണ്ണിലേക്ക് ഇനിയെനിക്ക് പോകേണ്ട” ഇത് പൊട്ടിയൊലിച്ചു വന്ന ദുരന്തത്തില്‍ നിന്ന് കരകയറിയ ജെബിന്റെ വാക്കുകളാണ്. കണ്‍മുന്‍പില്‍ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട കുരുന്നിന് ഇത് തീരാനൊമ്പരമാണ്.
ആശുപത്രിക്കിടക്കയില്‍ ജെബിന് അരികില്‍ അമ്മ ആനി മാത്രമാണ് ഉള്ളത്. കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ജെബിനെന്ന 11 വയസ്സുകാരന്‍ ജീവിതത്തിലേയ്ക്ക് കരകയറുമ്പോഴും അച്ഛന്റെ ഓര്‍മ്മകള്‍ കണ്ണുകള്‍ നിറയ്ക്കുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ഡിസ്ച്ചാര്‍ജ് ആയെങ്കിലും ദുരന്തത്തിന്റെ പേടി ഇനിയും ഈ 11കാരന് വിട്ടുമാറിയിട്ടില്ല.
പറമ്പിലെ ചെളിയില്‍ പുതഞ്ഞു കിടന്ന ജെബിനെ അയല്‍പക്കത്തെ ചേച്ചിയാണ് രക്ഷപ്പെടുത്തിയത്. കൂട്ടിക്കല്‍ സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജെബിന്‍ പപ്പയുടെ ഫോണിലാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തു കൊണ്ടിരുന്നത്. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട ഫോണിന് പകരം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ ജെബിന് ഒരു ഫോണ്‍ സമ്മാനിച്ചിട്ടുണ്ട്.
ജെബിന്റെ വാക്കുകള്‍;
”ഉരുള്‍പൊട്ടുന്ന സമയത്ത് ഞാനും പപ്പയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മഴയോടൊപ്പം വലിയ ശബ്ദം കേട്ടപ്പോള്‍ തന്നെ പപ്പയ്ക്കു കാര്യം മനസ്സിലായിരുന്നു. റോഡിന്റെ അപ്പുറത്തുള്ള മലയില്‍നിന്ന് വലിയ കല്ലുകള്‍ വീട്ടിലേക്ക് വീഴാന്‍ തുടങ്ങിയപ്പോഴേക്കും പപ്പ എന്നെ തള്ളി മാറ്റിയിരുന്നു. കുറെ കല്ലുകള്‍ ചെളിയോടൊപ്പം ദേഹത്തു വന്നു വീണതോടെ എന്റെ ബോധംപോയി. പിന്നെ ഓര്‍മ വരുമ്പോള്‍ ഞാന്‍ പുഴയിലൂടെ ഒഴുകുകയായിരുന്നു. ഇതിനിടെ കല്ലുവന്നു വീണും മരങ്ങളില്‍ തട്ടിയും എന്റെ ശരീരം മുഴുവന്‍ മുറിഞ്ഞിരുന്നു. ഒഴുക്കിനിടയില്‍ ഒരു കാപ്പിക്കമ്പില്‍ പിടികിട്ടി. അതില്‍ പിടിച്ചു കിടക്കുമ്പോള്‍ വലിയൊരു തിരയുടെ തള്ളലില്‍ ഞാന്‍ അടുത്ത പറമ്പിലെ കുഴിയിലേക്ക് വന്നു വീണു”
Discussion about this post