കൊച്ചി: സിദ്ധീഖിന്റെ പത്രസമ്മേളനത്തിന് പിന്നാലെ താരസംഘടന എഎംഎംഎയില്‍ പൊട്ടിത്തെറി. സിദ്ധീഖിനെ എതിര്‍ത്തു കൊണ്ട് താരസംഘടനടയായ അമ്മയിലെ എക്സിക്യൂട്ട് അംഗമായ നടന്‍ ജഗദീഷ് രംഗത്ത്. ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വില പോകില്ലെന്ന് പറഞ്ഞ ജഗദീഷ് സംഘടനയുടെ പ്രസിഡന്റിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും പറഞ്ഞു. ദിലീപ് അനുകൂല പക്ഷവും എതിര്‍ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറര്‍ ജഗദീഷിന്റെയും നിര്‍വാഹക സമിതി അംഗം ബാബുരാജിന്റെയും ചോര്‍ന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളിലാണ് സംഘടനയിലെ പൊട്ടിത്തെറി വ്യക്തമാകുന്നത്.
സംഘടനാ വക്താവെന്ന നിലയില്‍ ജഗദീഷ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയ നിലപാടുകളെ തള്ളിപ്പറഞ്ഞ് സെക്രട്ടറി സിദ്ധീഖ് കെപിഎസി ലളിതയ്‌ക്കൊപ്പം പത്ര സമ്മേളനം നടത്തിയതിനെതിരെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇരുവരുടെയും പ്രതികരണം. എന്നാല്‍, ജഗദീഷ് വ്യക്തമാക്കിയ സമവായ നിലപാടിനെ തള്ളിയ സിദ്ധീഖിന്റെ നിലപാടാണ് ഔദ്യോഗികം എന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറയുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പറയേണ്ട പ്രസിഡന്റ് മോഹന്‍ലാലിന്റെ പ്രതികരണം ലഭ്യമായില്ല.സംയമനം പാലിക്കാന്‍ മോഹന്‍ലാല്‍ ഇരുപക്ഷത്തുള്ളവരോടും നിര്‍ദേശിച്ചതായാണു വിവരം. മോഹന്‍ലാല്‍ അടുത്ത ആഴ്ച വിദേശത്തേക്കു പോകുന്നതിനാല്‍ 19ന് മുതിര്‍ന്ന അംഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നു സൂചനയുണ്ട്.
പുറത്തായ ശബ്ദ സന്ദേശങ്ങളില്‍ ഇങ്ങനെ:
ഗുണ്ടായിസം ഇനി നടക്കില്ല: ജഗദീഷ്
അഭിപ്രായം പറയുന്നവരുടെ കരിയര്‍ ഇല്ലായ്മ ചെയ്യുമെന്നും ഒറ്റപ്പെടുത്തുമെന്നുമുള്ള ഗുണ്ടായിസം ഇനി വച്ചുപൊറുപ്പിക്കില്ല. പ്രസിഡന്റിന്റെ പക്വമായ സമീപനത്തിനൊപ്പമാണ് എല്ലാവരും. അതില്‍ കവിഞ്ഞൊരു പദവി സംഘടനയിലില്ല. അതില്‍ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാട്ടി സംഘടനയെ നിലയ്ക്കു നിര്‍ത്താമെന്നു കരുതിയിട്ടുണ്ടെങ്കില്‍ നടക്കില്ല. അച്ചടക്കത്തോടെ വാട്‌സാപ് സന്ദേശത്തില്‍ മാത്രമാണ് ഞാനിതു പറയുന്നത്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയാനാവും. ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാം. അത് പറയാന്‍ പ്രേരിപ്പിക്കരുത്. വല്യേട്ടന്‍ മനോഭാവം ആര്‍ക്കും വേണ്ട. സുഹൃത്തുക്കള്‍ക്കായി വാദിക്കുന്നതു നല്ലകാര്യം. എന്നാല്‍ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ പാടില്ല.
ദിലീപിനെ അമ്മ പിന്തുണയ്‌ക്കേണ്ട: ബാബുരാജ്
സിദ്ദീഖീന്റെ പത്രസമ്മേളനം ആരുടെ അറിവോടെയെന്ന് മനസ്സിലായില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡിയുണ്ടോ? അങ്ങനെ ഒരു സൂപ്പര്‍ബോഡി തീരുമാനം എടുത്ത് മുന്നോട്ടു പോകാനാണു തീരുമാനമെങ്കില്‍ നടക്കില്ല. ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണു തമിഴ് പത്രവാര്‍ത്ത. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാലാണ്. പത്രസമ്മേളനത്തില്‍ സിദ്ദീഖ് ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിതച്ചേച്ചിയെ അവിടെ ഉള്‍പ്പെടുത്തേണ്ട കാര്യവുമില്ല. ദിലീപിനെ പിന്തുണയ്ക്കണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ, സംഘടനയുടെ പേരില്‍ വേണ്ട. അമ്മയ്ക്ക് ദിലീപിനെ പിന്തുണയ്‌ക്കേണ്ട കാര്യമില്ല.
ഒന്നും അറിഞ്ഞില്ലെന്ന് അമ്മ ഭാരവാഹികള്‍ക്കു പരിഭവം:
ദിലീപിന്റെ രാജിക്കാര്യവും സിദ്ധീഖിന്റെ പത്രസമ്മേളന നീക്കവും അറിഞ്ഞിരുന്നില്ല എന്ന അമ്മ നിര്‍വാഹക സമിതിയിലെ പല അംഗങ്ങള്‍ക്കും പരിഭവമുള്ളതായി സൂചന. എന്നാല്‍, അമ്മയുടെ ഒദ്യോഗിക പത്രക്കുറിപ്പിലെ ചില പരാമര്‍ങ്ങളാണ് ദിലീപ് അനുകൂല വിഭാഗത്തെ ചൊടിപ്പിച്ചതത്രേ.
മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് പത്രക്കുറിപ്പ് പുറത്തിറക്കിയതെന്നു ജഗദീഷ് ഉറപ്പിച്ചു പറയുന്നു. വിവാദ വിഷയങ്ങളില്‍ സംഘടനാ ചട്ടങ്ങള്‍ക്കുപരിയായി ധാര്‍മ്മികതയില്‍ ഊന്നിയുള്ള തീരുമാനം ഉണ്ടാവുമെന്ന അപത്രക്കുറിപ്പിലെ സൂചനയാണു ദിലീപ് അനുകൂലികളെ ചൊടിപ്പിച്ചത്. രാജിവച്ച നടിമാരെ തിരിച്ചെടുക്കാന്‍ സന്നദ്ധമാണെന്ന സൂചനയും അവര്‍ക്ക് ഹിതകരമായില്ല. ഇതോടെ പെട്ടെന്നുള്ള തീരുമാനപ്രകാരമായിരുന്നു ഷൂട്ടിങ് സെറ്റില്‍ സിദ്ധീഖ് നടത്തിയ തുറന്നടിച്ചുള്ള പത്രസമ്മേളനം. വനിത കൂട്ടായ്മയെ വിമര്‍ശിക്കുന്നതിനാല്‍ വനിതാ മുഖമായി കെപിഎസി ലളിതയെയും ഒപ്പം കൂട്ടി. എന്നാല്‍ നിര്‍വാഹക സമിതി അംഗം പോലുമല്ലാത്ത ലളിതയെ എന്തിന് പത്ര സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്നു മറുപക്ഷം ചോദിക്കുന്നു.
ആക്രമിക്കപ്പെട്ട നടി ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതായി പരാതി നല്‍കിയിട്ടില്ലെന്ന സിദ്ധീഖിന്റെ പത്ര സമ്മേളനത്തിലെ വാദത്തെ ഖണ്ഡിക്കാന്‍ അദ്ദേഹം മുന്‍പ് പോലീസിനു കൊടുത്ത മൊഴിയും ചിലര്‍ പുറത്തുവിട്ടു.