തിരുവനന്തപുരം: എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
റിയാസ് പറഞ്ഞത് സിപിഎം നേരത്തെ സ്വീകരിച്ച നിലപാട് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മുന്‍പ് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഇതേ നിലപാട് സ്വീകരിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
1996ല്‍ വൈദ്യുതിമന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. അന്ന് എന്റെയടുത്ത് ഒരു എംഎല്‍എ കോണ്‍ട്രാക്ടറെയും കൂട്ടിവന്നു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു ഇതു നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ല കേട്ടോ. പാര്‍ട്ടിയുടെ നിലപാടിന്റെ ഭാഗം തന്നെയാണത്’ – മുഖ്യമന്ത്രി വ്യക്തമാക്കി.
കരാറുകാരുമായി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന് മുഹമ്മദ് റിയാസ് നിയമസഭയിലാണ് പറഞ്ഞത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ സിപിഎം നിയമസഭാ കക്ഷിയോഗത്തില്‍ റിയാസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എഎന്‍ ഷംസീര്‍ എംഎല്‍എ, കെവി സുമേഷ് എംഎല്‍എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ മന്ത്രി യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ലെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു.
താന്‍ പറഞ്ഞത് ഇടത് സര്‍ക്കാരിന്റെ നിലപാടാണെന്ന് റിയാസ് പിന്നീട് വ്യക്തമാക്കിയിരുന്നു. പറഞ്ഞതില്‍ നിന്ന് ഒരടി പോലും പിറകോട്ട് പോകില്ല. താന്‍ നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ച് ചില എംഎല്‍എമാര്‍ പ്രതികരിച്ചു എന്ന വാര്‍ത്ത ശരിയല്ല. ആലോചിച്ച് തന്നെയാണ് താന്‍ തീരുമാനം പറഞ്ഞത്. അതില്‍ ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
Discussion about this post