അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ വരുന്ന മൂന്നു മണിക്കൂറിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. 11 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ മുന്നറിയിപ്പുകളില്ല. അതേസമയം കോട്ടയത്തും കോഴിക്കോടും മലയോര മേഖലകളിൽ മഴ തുടരുകയാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒക്ടോബർ 21ന് കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 22 മുതൽ 24 വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. പികെ ജയശ്രീ അറിയിച്ചു.

Exit mobile version