മലപ്പുറം: കാലാവസ്ഥാ വ്യതിയാനം കാരണം കേരളത്തിലുണ്ടാകുന്ന കാലംതെറ്റിയുള്ള അതിശക്തമഴ നാടിനെയാകെ മുക്കിക്കളയുന്നത് ഇപ്പോൾ പതിവാണ്. പ്രകൃതിദുരന്തങ്ങളിൽ നിന്ന് ഒളിച്ചോടൽ സാധ്യമല്ലാത്തതിനാൽ കൃത്യമായി വിലയിരുത്തി നേരിടുകയാണ് പ്രായോഗികമായ മാർഗ്ഗം. ഇത്തരത്തിൽ പ്രകൃതി ദുരന്തത്തെ മുൻകൂട്ടിയറിയാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു കൂട്ടായ്മ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന ശ്രമം ശ്രദ്ധേയമാവുകയാണ്. ഈ മഴക്കെടുതിയിൽ കേരളം ചർച്ച ചെയ്യേണ്ട ഒന്നാണ് ‘റെയിൻ ട്രാക്കേഴ്സ് മലപ്പുറം’ കൂട്ടായ്മ.
2019ലെ പ്രളയവും ഉരുൾപ്പൊട്ടലും നിലമ്പൂരിൽ കനത്തദുരിതങ്ങൾ വിതച്ചതിന് പിന്നാലെയാണ് ഈ കൂട്ടായ്മയുടെ പിറവി. മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ തയ്യാറായ നവോദയ വിദ്യാലയ മലപ്പുറം അലുംനി കൂട്ടായ്മ വീട് വെച്ച് നൽകുന്നത് ഉൾപ്പടെ അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു. ഭാവിയിലും ഉണ്ടാകാൻ സാധ്യതയുള്ള മഴക്കെടുതിയെ എങ്ങനെ നേരിടണമെന്ന ചർച്ചയാണ് ശക്തമായ മഴ പെയ്ത സമയത്ത് മഴയുടെതോത് കൃത്യമായി നിലമ്പൂരിലെ ഉൾപ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് അറിയാൻ കഴിയുന്നില്ല എന്ന് ഇവർ തിരിച്ചറിഞ്ഞത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴമാപിനികൾ ഒന്നും ഇത്തരം പ്രദേശങ്ങളിൽ ഇല്ല എന്നതിനാൽ തന്നെ ജനകീയ പങ്കാളിത്തത്തോടെ മഴമാപിനികൾ സ്ഥാപിക്കാൻ ഇവർ തയ്യാറെടുക്കുകയായിരുന്നു. ശക്തമായ മഴ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട സർക്കാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തലായിരുന്നു ലക്ഷ്യം. തൃശ്ശൂർ എഞ്ചിനീയറിങ് കോളേജ് അലുംനി കൂടിയായ സുർജിത്ത് ഇതിനെ പറ്റി കൂടുതൽ ചിന്തിക്കുകയും ഇത് നടപ്പിലാക്കാൻ വേണ്ടി മുൻകൈയെടുക്കുകയും ചെയ്തതിന്റെ ഫലമായി രൂപപ്പെട്ട കൂട്ടായ്മയാണ് ‘റെയിൻ ട്രാക്കേഴ്സ് മലപ്പുറം ‘.
മലപ്പുറം ജില്ലയുടെ ഭൂപ്രകൃതിയുടെ പ്രത്യേകത അനുസരിച്ച് വിവിധ ഭാഗങ്ങളിൽ പല തോതിലുള്ള മഴയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ നിലമ്പൂർ മാത്രം കേന്ദ്രീകരിച്ചുള്ള മഴയുടെ വിവര ശേഖരണം അല്ല വേണ്ടത്. ജില്ലയിൽ ആകെ പടർന്ന് കിടക്കുന്ന പ്രവർത്തനമാണ് കൂടുതൽ ഫലപ്രാപ്തിയുണ്ടാകുക എന്ന തിരിച്ചറിവിൽ നിന്നും സുർജിത്ത് അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിൽ പെട്ട 15 പേരുടെ കൂട്ടായ്മ തുടക്കത്തിൽ രൂപപെടുത്തി എടുത്തു.
നിലമ്പൂരിൽ, വണ്ടൂർ എച്ച്എസ്എസിൽ എൻഎസ്എസിന്റെ ചുമതല വഹിക്കുന്ന അധ്യാപകനായ ശരത്തിന്റെ താത്പര്യം കൂടി ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്. അദ്ദേഹം താത്പര്യം എടുത്തതിനാൽ കുറച്ച് വിദ്യാർത്ഥികളും ഈ കൂട്ടായ്മയുടെ ഭാഗമായി. പിന്നീട് സോഷ്യൽ മീഡിയ വഴി താത്പര്യം ഉള്ളവരെ കണ്ടെത്തുകയും അതിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു.
അങ്ങിനെ 40 ഓളം വർഷമായി മഴ അളക്കുന്ന കൃഷ്ണ പ്രകാശ്, രാജേന്ദ്രൻ മാഷ്, വെതർ ബ്ലോഗർ ശരത് കുമാർ, പ്രവീൺ കാരോത്ത്, സൂരജ് ചാത്തല്ലൂർ, യൂനുസ് കോഡൂർ തുടങ്ങി വിവിധ ആളുകൾ മുൻകൈ എടുത്ത്, അവരുടെ സുഹൃത്ത് വലയങ്ങളിൽ നിന്നും ആളുകൾ ഈ കൂട്ടായ്മയിലേക്കെത്തി. അ0ങ്ങനെ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മുപ്പത് മഴ മാപിനികൾ സ്ഥാപിച്ച് എല്ലാ ദിവസവും മഴയുടെ അളവ് രേഖപ്പെടുത്തുന്ന കൂട്ടായ്മയാണ് ഇന്ന് ‘റെയിൻ ട്രാക്കേഴ്സ് മലപ്പുറം ‘.
ഇവരെ സഹായിക്കാനായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന മുപ്പത് പേരടങ്ങുന്ന വിദഗ്ധ സംഘവും കൂട്ടായ്മയുടെ ഭാഗമായി ഉണ്ട്. അങ്ങനെ ഒരു 60 പേരടങ്ങുന്ന കൂട്ടായ്മയായി ഇതു വളർന്നു.വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, അധ്യാപകർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ എന്നീ സമൂഹത്തിന്റെ വിവിധ ശ്രേണികൾ നിൽക്കുന്നവർ ഇന്നീ കൂട്ടായ്മയുടെ ഭാഗമാണ്. കാലാവസ്ഥയെ പറ്റിയും മഴയുടെ രൂപം പ്രാപിക്കലിനെ പറ്റിയും കൂടുതൽ അറിവുകൾ എല്ലാം അംഗങ്ങൾക്കും സ്വന്തമാക്കാനായി വിദഗ്ധരുടെ സഹായത്തോടെ പഠന ക്ളാസുകൾ സംഘടിപ്പിക്കുകയും ഓരോ സമയത്തും ഉണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെ പറ്റി വാട്സ്ആപ് ഗ്രൂപ്പിൽ ചർച്ച ചെയ്തും കൃത്യമായ കാലാവസ്ഥ അവബോധം നേടിയിരിക്കുന്നു. ഈ മൺസൂൺ കാലത്ത് ജില്ലയിൽ പെയ്ത മഴയുടെ പൂർണ്ണവിവരം ഇന്ന് ഈ കൂട്ടായ്മയുടെ കയ്യിലുണ്ട് .
കോവിഡ് ലോക്ക് ഡൗൺ കാലത്ത് തുടക്കത്തിൽ മഴമാപിനി സ്വന്തമായി നിർമ്മിച്ചാണ് ഈ കൂട്ടായ്മ തുടക്കം കുറിച്ചത്. മഴമാപിനി സ്വന്തമായി എങ്ങിനെ നിർമ്മിക്കാം എന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് അവർ തന്നെ സ്വയം നിർമ്മിക്കുകയായിരുന്നു. സംഗതി വിജയിച്ചതോടെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഫാക്ടറി നിർമ്മിതമഴമാപിനികൾ വാങ്ങി നൽകുകയും ചെയ്തു.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ അടച്ചിരുന്ന സമയം ഈ അറുപതു പേരുടെ സംഘം കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ന് മഴയുടെ അളവ് രേഖപ്പെടുത്തുന്നത് ഈ സംഘത്തിന്റെ ദിനചര്യയുടെ ഭാഗമാണ്.
കൃത്യമായി ഒരു മൊബെൽ ആപ്പ് വഴി വിവരശേഖരണം നടത്തി, അവ ജിഐഎസ് സങ്കേതങ്ങൾ ഉപയോഗിച്ച് മാപ്പ് ചെയ്ത് ഓരോ ദിവസത്തേയും മഴ മാപ്പ് ചെയ്യുന്നു. കേന്ദ്ര കാലാവസ്ഥ ഏജൻസികളുടേയും മറ്റു അന്തർദേശീയ ഏജൻസികളുടേയും മുന്നറിയിപ്പുകൾ കണക്കിലെടുത്ത്, ഓരോ ദിവസവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഏരിയകൾ തിരഞ്ഞെടുക്കുന്നു. അവിടെ കൃത്യമായ ഫോളോ അപ്പുകൾ നടത്തുന്നുണ്ട്.
മലപ്പുറം ജില്ലയിലെ, ഉൾപ്രദേശങ്ങളിൽ മഴയുടെ വിവരശേഖരണത്തിന്റെ അഭാവം കൊണ്ട് ഒരു അപകടം വരാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനാണ് ഇവർ ലക്ഷ്യമിടുന്നത്. ഒരു മൺസൂൺ കാലം വലിയ കൊഴിഞ്ഞു പോക്കുകൾ ഇല്ലാതെ കൂട്ടായ്മ മുന്നോട്ട് പോയി. വരും നാളുകളിൽ നൂറിടങ്ങളിൽ എങ്കിലും മഴമാപിനി സ്ഥാപിച്ച് വിപുലമായ മഴ വിവര ശേഖരണത്തിന്റെ ശൃംഖല രൂപപ്പെടുത്തി എടുക്കുകയും ആഗോള താപനത്തിന്റെ ഭാഗമായി വരുന്ന കാലാവസ്ഥ വ്യതിയാനത്തെ പറ്റി വരും തലമുറയ്ക്ക് ഉൾപടെ പഠിക്കാൻ കഴിയുന്ന രീതിയിൽ മഴയെ അടയാളപ്പെടുത്തി വെക്കുകയും, ആഗോള താപനം ഇല്ലാതാക്കാൻ കാർബൺ നൂട്രാലിറ്റി കൈവരിക്കുന്നതിന്റെ പ്രധാന്യം ജനങ്ങളിൽ എത്തിക്കുകയുമാണ് ലക്ഷ്യം.
ഒപ്പം ഏറ്റവും ക്രിട്ടിക്കലായ നിലമ്പൂരിലെ ഒരു ചെറു നീർത്തടം ദത്തെടുത്ത്, അവിടുത്തെ ജനങ്ങളുടെ സഹായത്തോടെ അവ കൃത്യമായി മാപ്പ് ചെയ്ത്, അവിടെ മഴ മാപിനികൾ സ്ഥാപിച്ച് അവർക്ക് കൃത്യതയാർന്ന മുന്നറിയിപ്പ് കൊടുക്കുന്ന തലത്തിലേക്ക് ഒരു മൊബെൽ ആപ്ളിക്കേഷൻ വികസിപ്പിച്ചെടുക്കുന്നതിലേക്കാണ് ഇനി ഈ കൂട്ടായ്മ ശ്രദ്ധയൂന്നുന്നത്.
കൃത്യമായ രീതിയിൽ കാലാവസ്ഥ പ്രവചനം പോലും സാധ്യമാകാത്ത കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കേരളത്തിൽ മഴ മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തം ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മീനച്ചിലാറിന്റേയും മണിമലയാറിന്റേയും തീരത്ത് ഉണ്ടായ അനുഭവം ഇത്തരം കൂട്ടായ്മകൾ കേരളത്തിൽ ഉടനീളം സർക്കാർ തന്നെ മുൻകൈ എടുത്ത് വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. മഴമൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ ഓരോ മേഖലയിലും കൃത്യമായി മഴയുടെ അളവ് തിരിച്ചറിയുകയും പ്രയാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളിൽ ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചു ആളാപായം ഇല്ലാതാക്കുകയും ചെയ്യേണ്ടതുണ്ട്.
ഇടുക്കി, കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 11 ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ 3 ഇടത്ത് മാത്രമാണ് ആളപായം ഉണ്ടായത് എന്നത് നമ്മുടെ സംവിധാനങ്ങളുടെ കാര്യക്ഷമത തന്നെയാണ്. കൂടുതൽ ശക്തവും കാര്യക്ഷമവുമായ സംവിധാനം രൂപപെടുത്തി എടുക്കാൻ മഴയുടെ ശക്തി തിരിച്ചറിയുന്ന ഇത്തരം കൂട്ടായ്മകൾ കേരളത്തിൽ ഉടനീളം അനിവാര്യമാണെന്നും ഈ സംഘം നിരീക്ഷിക്കുന്നു.
Discussion about this post