തിരുവനന്തപുരം: വാഹപരിശോധനയ്ക്കിടെ തെറ്റായ പേരും മേല്‍വിലാസവും നല്‍കി ചടയമംഗലം പോലീസിനെ സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസ്യരാക്കിയ കാട്ടാക്കട സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്.
കാട്ടാക്കട സ്വദേശി നന്ദകുമാറിന് എതിരെയാണ് കേസെടുത്തത്. പേര് രാമന്‍, അച്ഛന്റെ പേര് ദശരഥന്‍, സ്ഥലം അയോധ്യ എന്നാണ് വാഹന പരിശോധനയില്‍ പിഴ ചുമത്തിയപ്പോള്‍ മേല്‍വിലാസമായി നല്‍കിയത്.
ചടയമംഗലം പോലീസാണ് ഈ പേരില്‍ 500 രൂപ പെറ്റി എഴുതി നല്‍കിയത്. എന്തുവന്നാലും സര്‍ക്കാറിന് പൈസ കിട്ടിയാല്‍ മതിയെന്ന് പറഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥന്‍ പെറ്റി എഴുതി വാങ്ങിയത്.
എംസി റോഡില്‍ കരിയോട് നെട്ടേത്തറയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. നിയമലംഘനം പോലീസ് ചോദ്യം ചെയ്തപ്പോള്‍ യുവാക്കള്‍ പോലീസിനോട് തട്ടിക്കയറി. ബഹളത്തിനിടെ ആദ്യം മേല്‍വിലാസം നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല, പിന്നീട് പറഞ്ഞ മേല്‍വിലാസം എഴുതിയെടുക്കുകയായിരുന്നു പോലീസ്.
പേര് രാമന്‍, അച്ഛന്റെ പേര് ദശരഥന്‍, സ്ഥലം അയോധ്യ എന്നാണ് പറഞ്ഞത്. പോലീസിന് തെറ്റായ മേല്‍വിലാസം നല്‍കുക മാത്രമല്ല, രസീതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പെറ്റി എഴുതിയ ഗ്രേഡ് എസ്‌ഐയും വെട്ടിലായി. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് യുവാവ് പറഞ്ഞ പേരില്‍ പെറ്റി എഴുതിയതെന്ന് പോലീസ് പറയുന്നു.