തൊടുപുഴ: അണക്കെട്ടില്‍ നിന്ന് ആര്‍ത്തലച്ചെത്തുന്ന വെള്ളം കാണാന്‍ ഇത്തവണ സൂരജ് അച്ഛന്റെ കൈപ്പിടിച്ചെത്തി. വെള്ളം ചെറുതോണിപ്പാലം മൂടുന്നതിനുമുമ്പ്, അസുഖബാധിതനായ കുട്ടിയെ ദുരന്തനിവാരണ സേനാംഗം മാറോടണച്ച് ഓടുന്ന ചിത്രം 2018-ലെ പ്രളയത്തില്‍ മലയാള മണ്ണിനെ അമ്പരപ്പിച്ച ഒന്നായിരുന്നു. അന്ന് ആറുവയസുകാരനായ സൂരജിന് പനി മൂലം തോളില്‍ തളര്‍ന്നു കിടന്നതു കാരണം, അന്ന് ആ കാഴ്ച കാണാന്‍ സാധിച്ചില്ല.
ആ സങ്കടം മാറ്റാനാണ് ഇത്തവണ ഡാം തുറന്നപ്പോള്‍ ചെറുതോണിയിലേയ്ക്ക് സൂരജ് അച്ഛന്‍ ഇടുക്കി കോളനിയില്‍ കാരക്കാട്ട് പുത്തന്‍വീട്ടില്‍ വിജയരാജിന്റെ കൈപ്പിടിച്ചെത്തിയത്. ഡാം തുറക്കുമെന്ന അറിയിപ്പുവന്നപ്പോള്‍ തനിക്കും കാണണമെന്ന ആഗ്രഹം സൂരജ് അച്ഛനെ അറിയിച്ചു. ആവര്‍ത്തനമെന്നോണം ഇത്തവണയും പനി ബാധിതനായിരുന്നു സൂരജ്. വീടിന് പുറത്തേക്ക് കൊണ്ടുപോകാന്‍ വിജയരാജ് മടിച്ചെങ്കിലും അവസാനം മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചെറുതോണിയിലേയ്ക്ക് എത്തുകയായിരുന്നു.
ചെറുതോണി പാലത്തിന് മുകളിലെത്തിയപ്പോള്‍ അച്ഛന്‍ മകനോട് 2018 ഓഗസ്റ്റിലെ ആ ദിവസത്തെപ്പറ്റിയും പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അന്ന് ഡാം തുറക്കുന്നത് കണ്ടശേഷം ഓഗസ്റ്റ് 10-ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലുംകൊണ്ട് വിഷമിക്കുന്ന മകനെയായിരുന്നു. കനത്ത മഴപെയ്യുമ്പോഴും അത് വകവയ്ക്കാതെ അവനെ മാറോടണച്ച് വിജയരാജ് വീട്ടില്‍നിന്നുമിറങ്ങി.
പാലത്തിനടുത്തെത്തിയപ്പോള്‍ അക്കരെ വിടാന്‍ നിര്‍വാഹമില്ലെന്നായി പോലീസ്. എന്നാല്‍, കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വിവരം അറിയിച്ചു. ദുരന്തനിവാരണ സേനാംഗങ്ങള്‍ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിടകൊണ്ട് മറുകരയിലെത്തിച്ചു. ആ ദൃശ്യം ഇന്നും കേരളക്കരയ്ക്ക് നെഞ്ചിടിപ്പുളവാക്കുന്നതാണ്.