തിരുവനന്തപുരം: കനത്ത മഴയില്‍ ആമയിഴഞ്ചാന്‍ തോടില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ച അതിഥി തൊഴിലാളി നഗര്‍ദീപിന്റെ (30) മൃതദേഹം സ്വദേശമായ ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോയി.
കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ആംബുലന്‍സിലാണ് ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സിന്റെ ചിലവ് കേരള സര്‍ക്കാര്‍ തന്നെ വഹിക്കും.
മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഐഎഎസ്, ലേബര്‍ കമ്മീഷണര്‍ ഡോ. എസ് ചിത്ര ഐഎഎസ്, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മന്ത്രിക്കൊപ്പമെത്തി മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
നഗര്‍ദീപിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി സഹോദരനെ നേരില്‍ കണ്ടറിയിച്ചു. തൊഴില്‍ വകുപ്പില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നഗര്‍ദീപിന്റെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ നഗര്‍ദീപ് മണ്ഡലിന്റെ മൃതദേഹം കണ്ടെത്തി. ശനി പകല്‍ രണ്ടോടെയാണ് നഗര്‍ദീപിനെ കണ്ണമ്മൂല ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായത്. മൂന്നു ദിവസമായി തെരച്ചില്‍ തുടരുകയായിരുന്നു. തിങ്കള്‍ വൈകിട്ട് ആറരയോടെ ആക്കുളം ബോട്ട് ക്ലബ്ബിനു സമീപം കായലില്‍നിന്നാണ് മൃതദേഹം ലഭിച്ചത്.
ജാര്‍ഖണ്ഡ് സാഹേബ്ഗഞ്ച് ഫത്തേഹ്പുര്‍ മാസ്‌കലൈയ്യയിലാണ് നഗര്‍ദീപിന്റെ വീട്. നഗര്‍ദീപിന്റെ ഇളയ മകള്‍ സന്ധ്യാകുമാരി പിറന്ന് 20 ദിവസം മാത്രമേ ആയിട്ടുള്ളൂ. മകളെ ഒരുനോക്ക് കാണാതെയാണ് നഗര്‍ദീപിന്റെ വിയോഗം.
നിര്‍മാണത്തൊഴിലാളിയായിരുന്നു ഇവിടെ. സഹോദരന്‍ സകല്‍ദീപിനും സുഹൃത്തുക്കള്‍ക്കും ഒപ്പം കണ്ണമ്മൂല നെല്ലിക്കുഴി ഗ്യാസ് ഗോഡൗണിന് സമീപമാണ് താമസിച്ചിരുന്നത്.