പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഡാമുകളിലെ വെള്ളം തുറന്ന് വിട്ടെങ്കിലും നദികളില്‍ കാര്യമായി ജലനിരപ്പുയരാത്തത് ആശ്വാസം. എന്നാല്‍ നദീതീരങ്ങളില്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.
കക്കി ഡാം ഇന്നലെ തുറന്നെങ്കിലും കാര്യമായ പ്രതിസന്ധി ഉണ്ടായിരുന്നില്ല. നിലവിലെ ജലനിരപ്പ് വിലയിരുത്തി അണക്കെട്ടിന്റെ ഷട്ടര്‍ 60 സെന്റീമീറ്ററില്‍ നിന്ന് 90 ആക്കി ഉയര്‍ത്തി. 200 ക്യുമെക്സ് വെള്ളം ആണ് നിലവില്‍ ഒഴുക്കിവിടുന്നത്.
അതേസമയം പമ്പാ അണക്കെട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നെങ്കിലും ഉച്ചയോടെ 45 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. പമ്പയില്‍ പരമാവധി 10 സെന്റീമീറ്റര്‍ വരെയാണ് ജലനിരപ്പ് ഉയരുന്നത്.
അതേ സമയം സംസ്ഥാനത്ത് ഇന്ന് തുറന്നത് മൂന്ന് ഡാമുകള്‍. പമ്പ ഡാം (ജമാുമ ഉമാ) പുലര്‍ച്ചെ അഞ്ചു മണിക്കും ഇടമലയാര്‍ രാവിലെ ആറ് മണിക്കും തുറുന്നു. ഇതോടെ അടുത്ത ദിവസങ്ങളിലായി തുറന്ന ഡാമുകളുടെ എണ്ണം ഏഴായി.
അതിശക്തമായ മഴയുടെ മുന്നറയിപ്പുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കാനായി സംസ്ഥാനത്തെ ഏറ്റവും വലിയ ഡാം തുറന്നത്. ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് 35 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. മൂന്നു വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറക്കുന്നത്. മഴ മുന്നറിയിപ്പുകള്‍ മുന്നില്‍ കണ്ട് നിയന്ത്രിത അളവിലാണ് വെള്ളം ഒഴുക്കിക്കളയുന്നത്. ഇടുക്കി ഡാം തുറന്നിട്ടും പുഴയുടെ തീരങ്ങളില്‍ ഒരുതരത്തിലുള്ള പ്രത്യാഘാതങ്ങളുമുണ്ടായില്ല.
അതീവ സുരക്ഷയില്‍, കടുത്ത ജാഗ്രതയിലാണ് ഇടുക്കി ഡാം തുറന്നത്. ഇതോടെ ചെറുതോണി മുതല്‍ ആലുവ വരെയുള്ള പ്രദേശങ്ങള്‍ അതീവ ജാഗ്രതയിലാണ്. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. ആദ്യം തുറന്നത് മൂന്നാം നമ്പര്‍ ഷട്ടറാണ്. പിന്നാലെ ചെറുതോണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് നാലാമത്തെ ഷട്ടര്‍ തുറന്നത്. ഇതിന് പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറന്നു. സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവിലാണ് വെള്ളം ഒഴുകുക.
ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് വൈകീട്ടോടെ പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പ്രദേശത്ത് സജ്ജരായി നില്‍ക്കുകയാണ്.
ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പമ്പ ഡാം അഞ്ചുമണിയോടെയാണ് തുറന്നത്. മൂന്ന്, നാല് ഷട്ടറുകള്‍ 45 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ 25 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഡാമില്‍നിന്നും പുറത്തേക്ക് ഒഴുകുന്നത്. പമ്പയാറിന്റ തീരത്തെ 12 പഞ്ചായത്തുകള്‍ അതീവ ജാഗ്രതയിലാണ്. ആറന്മുള, ആറാട്ടുപുഴ, പാണ്ടനാട് എന്നിവിടങ്ങളിലെല്ലാം ജാഗ്രത തുടരുന്നു.
ഇടുക്കിയില്‍നിന്നുമുള്ള വെള്ളം നിയന്ത്രിക്കാനാണ് ഇടമലയാര്‍ ഡാം തുറന്നത്. രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമല്ല. അപകട സാഹചര്യം ഇല്ലെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു.
ഷോളയാര്‍, ചിമ്മിണി ഡാമുകള്‍ കഴിഞ്ഞ ദിവസം തുറന്നതിനെ തുടര്‍ന്ന് ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത തുടരുന്നു. കക്കി, തെന്മല, മലമ്പുഴ ഡാമുകളും അതീവ ജാഗ്രതയിലാണ്.
അതേസമയം, കേരളത്തില്‍ നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post