അനുപമയുടെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയ കേസ്: ഒടുവിൽ മാതാപിതാക്കൾ ഉൾപ്പടെ അഞ്ച് പേർക്ക് എതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: പേരൂർക്കടയിൽ അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ സമ്മതമില്ലാതെ കടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. യുവതി പരാതി കൊടുത്ത് ആറ് മാസത്തിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ഒക്ടോബർ 19 ന് ആണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേൽപിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകായായിരുന്നുവെന്നാണ് അനുപമയുടെ പരാതി. ദുരഭിമാനത്തെ തുടർന്നാണ് രക്ഷിതാക്കൾ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. കുഞ്ഞിന്റെ ഒന്നാം പിറന്നാളാണ് ഇന്ന്.

ഏപ്രിൽ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. പക്ഷേ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസ് തയ്യാറാവാത്തത് വലിയ വിവാദമായിരുന്നു. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയിട്ടും ഇതുവരെയും തിരിച്ച് നൽകിയില്ലെന്നാണ് യുവതിയുടെ പരാതി.

അതേസമയം, അനുപമയുടെ സമ്മതത്തോടെ കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ഏൽപിച്ചുവെന്നാണ് അനുപമയുടെ അച്ഛന്റെ വാദം. അനുപമയുടെ പരാതി ഏറ്റെടുക്കാനാവില്ലെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഇന്നലെ അനുപമയെ അറിയിച്ചിരുന്നു.

പരാതി അന്വേഷിക്കാതെ പോലീസും പരാതി സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് സിഡബ്ല്യൂസിയും നേരത്തെ അനുപമയെ കൈയ്യൊഴിഞ്ഞിരുന്നു. പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കൾ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് അനുപമയെ ആരും അറിയിച്ചില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോൾ അനുപമ വീടുവിട്ടിറങ്ങി. കുട്ടിയുടെ അച്ഛനായ അജിത്തിനൊപ്പം താമസം തുടങ്ങിയതിന് ശേഷം വീണ്ടും പരാതികളുമായി പോലീസ് സ്‌റ്റേഷനിൽ ഉൾപ്പടെ കയറി ഇറങ്ങുകയാണ് അനുപമ.

Exit mobile version