പ്ലാപ്പള്ളി: കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപ്പൊട്ടലിൽ കാണാതായ അലന് വേണ്ടി വീണ്ടും തെരച്ചിൽ നടത്തുമ്പോൾ കണ്ണീർ തോരാതെ നാട്ടുകാരും ബന്ധുക്കളും. അലന്റെ 14ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. അന്നും, അലന്റെ മൃതദേഹം തിരിച്ചറിയുന്നതിൽ അനിശ്ചിതത്വം തുടർന്നു.
ഇളംകാട് ആറ്റുചാലിൽ ജോബിയുടെ മകൻ അലൻ ജോബിയുടെ മൃതദേഹമാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞദിവസം ഈ കുട്ടിയുടെതെന്ന് കരുതുന്ന മൃതദേഹം കിട്ടിയെങ്കിലും ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇതിനൊപ്പം മുതിർന്ന വ്യക്തിയുടെതെന്ന് കരുതുന്ന ഒരാളുടെ കാലിന്റെ ഭാഗങ്ങളും കണ്ടെത്തിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്.
അതിനിടെ തിങ്കളാഴ്ച പ്ലാപ്പള്ളിയിൽ നടന്ന തിരച്ചിലിൽ ഒരുകുട്ടിയുടെ മൃതദേഹം കിട്ടി. ഇതും തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച തിരച്ചിലിൽ കണ്ടെത്തിയ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ അലന്റേതാണന്ന് കരുതി അന്നുതന്നെ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. എന്നാൽ, ഡോക്ടർമാർ ഇതിനൊപ്പം മുതിർന്ന വ്യക്തിയുടെ കാലിന്റെ ഭാഗം കണ്ടെത്തി. ഇതോടെ പോസ്റ്റ്മോർട്ടം നീട്ടിവെച്ചു.
ഈ വിവരം മന്ത്രി വിഎൻ വാസവനെ അറിയിച്ചു. അദ്ദേഹം വിശദപരിശോധന സ്ഥലത്ത് നടത്താനും ഞായറാഴ്ച കിട്ടിയ രണ്ട് ശരീരഭാഗങ്ങളുടെയും ഡിഎൻഎ പരിശോധന നടത്താനും നിർദേശിച്ചു. തിങ്കളാഴ്ച പ്ലാപ്പള്ളിയിൽ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയുടെതെന്ന് കരുതുന്ന ഒരു മൃതദേഹം കൂടി കണ്ടത്. ഇതും മെഡിക്കൽ കോളേജിലേക്ക് അയച്ചു. ആദ്യംലഭിച്ച ശരീരഭാഗങ്ങൾ അലന്റെയല്ലന്നും തിങ്കളാഴ്ച വൈകീട്ട് മണ്ണിനടിയിൽനിന്നും കണ്ടത്തിയ ഭാഗങ്ങൾ അലന്റേതാണന്ന് കരുതുന്നതായും പിതൃസഹോദരൻ ജോസി ആറ്റുചാലിൽ പറയുന്നു.
ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ച അലന്റെ അമ്മ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയയുടെ മൃതദേഹം ഞായറാഴ്ച വൈകീട്ട് ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. അലൻ ഏന്തയാർ ജെജെ മർഫി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരി ആൻമരിയ.
Discussion about this post