ഇടുക്കി: മൂന്ന് ദിവസമായി തുടര്‍ന്ന കനത്ത മഴ കോട്ടയത്തും ഇടുക്കിയിലും ബാക്കിയാക്കിയത് ദുരന്തചിത്രങ്ങളാണ്. അപ്രതീക്ഷിതമായെത്തിയ ഉരുള്‍ കവര്‍ന്നത് ഇരുപതിലധികം ജീവനുകളാണ്.
അതേസമയം, ആശ്വാസം തരുന്നത് ഒരു വാര്‍ത്തയാണ്, ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി ബൈക്ക് റൈഡര്‍മാര്‍ രക്ഷപ്പെട്ടത്. കൂട്ടിക്കലിലും കോക്കയാറിലും ഉരുപൊട്ടലുണ്ടായ 16-ാം തീയതി ഇടുക്കിയിലേക്ക് യാത്ര തിരിച്ച ഒരുകൂട്ടം റൈഡര്‍മാരാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അദ്ഭുതകരമായി തിരിച്ചെത്തിയത്.
‘സഞ്ചാരി’ എന്ന യൂട്യൂബ് ചാനലാണ് ഇവരുടെ സാഹസിക യാത്രയുടെയും രക്ഷപെടലിന്റെയും കഥ വീഡിയോയിലൂടെ പുറത്തുകൊണ്ടുവന്നത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാകുകയും ചെയ്തു.
‘തെളിഞ്ഞ കാലാവസ്ഥ കണ്ടതിനാലാണ് ഒരു മാസമായി പദ്ധതിയിട്ടിരുന്ന യാത്ര ആരംഭിച്ചത്. എന്നാല്‍ പിന്നീട് മഴ പ്രതീക്ഷിക്കാത്ത രീതിയില്‍ ശക്തമാവുകയായിരുന്നു. സഞ്ചരിച്ച വഴിയിലെല്ലാം മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മനഃസാന്നിധ്യം കൊണ്ടും പരിചയസമ്പത്തിന്റെ സഹായത്താലുമാണ് ജീവനോട് തിരിച്ചെത്താനായത്. കൂടയുണ്ടായിരുന്ന ആര്‍ക്കും അപകടങ്ങളൊന്നും സംഭവിച്ചില്ല. എല്ലാവരും സുരക്ഷ ഉറപ്പാക്കി യാത്ര ചെയ്യുക,” സഞ്ചാരി വീഡിയോയ്ക്ക് താഴെ റൈഡര്‍മാര്‍ കുറിച്ചു.
തങ്ങളുടെ മനസാന്നിദ്ധ്യം കൊണ്ടും പരിചയസമ്പത്തുകൊണ്ടുമാണ് ആപത്തുകൂടാതെ തിരിച്ചെത്താനായതെന്നും ഈ സമയത്ത് എല്ലാവരും സുരക്ഷ ഉറപ്പാക്കി മാത്രമേ യാത്ര ചെയ്യാവൂയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മണ്ണിടിച്ചില്‍ പ്രദേശത്ത് എത്തിയപ്പോള്‍ മഴ ശക്തമാകുന്നതും പലയിടത്തും മരങ്ങള്‍ കടപുഴകി വീഴുന്നതും കല്ലും മണ്ണും റോഡിലേക്ക് ഇരച്ചെത്തി സുരക്ഷിത സ്ഥാനത്ത് എത്താനുള്ള ഇവരുടെ ശ്രമങ്ങള്‍ക്കു പ്രതിബന്ധം തീര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ കൂട്ടായ പരിശ്രമത്തോടെ പരസ്പരം സഹായിച്ചും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയും പലതവണ റോഡിലെ പ്രതിബന്ധങ്ങള്‍ ഒരേമനസോടെ ഒന്നിച്ചു പരിശ്രമിച്ചു നീക്കിയും ഒടുവില്‍ ഇവര്‍ സുരക്ഷിത സ്ഥാനത്ത് എത്തുകയായിരുന്നു.
കുത്തിയൊലിച്ച് എത്തിയ മലവെള്ളത്തിലും പാറക്കൂട്ടങ്ങളിലും പലതവണ ഇവര്‍ പെട്ടുപോയെങ്കിലും ഏവരും ഒത്തൊരുമിച്ചു പരിശ്രമിച്ചതോടെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനായി എന്നും വീഡിയോയില്‍ മനസിലാകും.
Discussion about this post