ഇടുക്കി: കനത്ത മഴ കാരണം ഉണ്ടായ ഉരുൾപൊട്ടലിൽ ഇടുക്കി കൊക്കയാർ പൂവഞ്ചിയിൽ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പുതുപ്പറമ്പിൽ വീട്ടിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സച്ചുവിന്റെ വീട് സ്ഥിതി ചെയ്തിരുന്നതിന് താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ കൊക്കയാറിലെ ഉരുൾപൊട്ടൽ പ്രദേശത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ മൃതദേഹം ഇവിടെ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഉരുൾപൊട്ടിലിൽ അപകടത്തിൽപ്പെട്ട സച്ചുവിന്റെ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സച്ചുവിന്റെ പിതാവ് ഷാഹുൽ ചെളിയിൽ താണ മാതാപിതാക്കളേയും ഭാര്യയേയും രണ്ടു മക്കളേയും രക്ഷപ്പെടുത്തിയിരുന്നു.
പക്ഷെ, ഇതിനിടെ സച്ചുവിനെ കാണാതാവുകയായിരുന്നു. രക്ഷപ്പെടുത്തുന്നതിനിടെ ഷാഹുലിന്റെ പിതാവിന്റെ കാലുകളൊടിയുകയും ചെയ്തു. കൊക്കയാർ ഉരുൾപ്പൊട്ടലിൽ കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്‌സാര ഫൈസൽ (8), അഫിയാൻ ഫൈസൽ (4), ചിറയിൽ വീട്ടിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.
ഷാജിയുടെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽനിന്നാണ് കണ്ടെത്തിയത്. ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്തിന്റെ സമീപത്ത് നിന്ന് മലവെള്ളപ്പാച്ചിലിൽ കാണാതായ ആൻസിക്ക് വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.
Discussion about this post