കൊക്കയാര്‍: സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ കുടുംബസമേതം കൊച്ചിയില്‍ പോയ കൊക്കയാര്‍ മാപ്പുച്ചിമറ്റത്ത് മറ്റത്തുപടീഷയില്‍ മാത്യു ഉമ്മന്‍ തിരികെ എത്തിയപ്പോള്‍ കണ്ടത് മണ്‍കൂന മാത്രം. വീട് നിലംപൊത്തിയെന്ന് അറിഞ്ഞ നിമിഷം മാത്യു അന്വേഷിച്ചത് ഭാര്യ ജിഷയെയും, പ്രായമായ അച്ഛനെയും അമ്മയെയുമാണ്.
വലിയ ശബ്ദത്തോടെ പാറക്കൂട്ടവും മരങ്ങളും ഒഴുകിവരുന്നതുകണ്ട് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ബന്ധു ഇവരെ രക്ഷപ്പെടുത്തിയെന്നും അറിയിപ്പ് ലഭിച്ചു. മാതാപിതാക്കളും ഭാര്യയും സുരക്ഷിതരായതിന്റെ ആശ്വാസമുണ്ടെങ്കിലും അപകടത്തില്‍ അയല്‍വാസികളെ കാണാതായത് ഏറെ വിഷമിപ്പിച്ചുവെന്ന് മാത്യു പറയുന്നു.
വീട്ടില്‍ കളിക്കാന്‍ വരാറുണ്ടായിരുന്ന അയലത്തെ കുഞ്ഞുങ്ങളെയുള്‍പ്പെടെ കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. 18 വര്‍ഷം മുമ്പാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ആയുസ്സിന്റെ സമ്പാദ്യമായ വീട് നഷ്ടമായതോടെ ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണ് മാത്യു. കൂവപ്പള്ളി ടെക്നിക്കല്‍ സ്കൂളിലെ ജീവനക്കാരനാണ് മാത്യു.
Discussion about this post