പത്തനംതിട്ട: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്ന സാഹചര്യത്തിലും കക്കി ഡാം തുറന്നതോടെയും ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും റവന്യു മന്ത്രി കെ രാജന്. നിലയ്ക്കലില്‍ തമ്പടിച്ചിരിക്കുന്ന അയ്യപ്പന്മാര് മടങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കക്കി ഡാം തുറന്നതുകൊണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ പുറത്തുവിട്ടതിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ നിന്ന് ജലം പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നത്.
അതേസമയം, സമൂഹ മാധ്യമങ്ങളില്‍ വരുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ അപകടകരമായ നിലയിലേക്ക് പോകുന്നുവെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയില്‍ ഒരു എന്‍ഡിആര്‍എഫ് ടീമിനെ വിന്യസിപ്പിച്ചിട്ടുണ്ട്. മൂന്ന് തോണികളും എയര്‍ലിഫ്റ്റും രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമായിട്ടുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു