തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് പണിമുടക്കും പൊതു അവധികളും ഒരുമിച്ച് വന്നതോടെ എടിഎമ്മുകള്‍ കാലിയായിരിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ പടിവാതിലില്‍ എത്തി നില്‍ക്കെ അക്കൗണ്ടില്‍നിന്ന് പണമെടുക്കാനാകാതെ ജനം വലയുകയാണ്.
വ്യാഴാഴ്ച വൈകീട്ടാണ് ബാങ്കുകള്‍ എടിഎമ്മുകളില്‍ അവസാനം പണം നിറച്ചത്. വെള്ളിയാഴ്ച ഓഫീസര്‍മാരുടെ പണിമുടക്കായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. നാലാം ശനിയായതിനാല്‍ ഇന്നലെയും മുടങ്ങി. ഞായറാഴ്ചയും പൊതു അവധിയായതിനാല്‍ തിങ്കളാഴ്ചയേ എടിഎമ്മുകളില്‍ പണം നിറക്കാനാവൂ.
അതേസമയം, അവധിയും ബാങ്ക് മുടക്കവും കണക്കിലെടുത്ത് ഞായറാഴ്ച എടിഎമ്മുകളില്‍ പണം നിറക്കണമെന്ന് ചില ബാങ്കുകള്‍ ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, അവധിദിവസം ജോലിക്കെത്താനാവില്ലെന്ന നിലപാടിലാണ് ജീവനക്കാരും സംഘടനകളും.