കോട്ടയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തെന്ന് രക്ഷാപ്രവർത്തകർ. ഇന്ന് എട്ടുപേരുടേയും ഇന്നലെ മൂന്നുപേരുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ മരിച്ച 11 പേരെയാണ് കണ്ടെത്തിയത്. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ക്ലാരമ്മ ജോസഫ് (65), സിനി (35), സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. റോഷ്നി (48), സരസമ്മ മോഹനൻ (57), സോണിയ (46), അലൻ (14), മാർട്ടിൻ എന്നിവരുടെ മൃതശരീരം ഞായറാഴ്ച രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നു. മരിച്ച മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റുമോർട്ടം ചെയ്യാൻ കോട്ടയം മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
അതേസമയം, എട്ട് പേരെ കാണാതായ കൊക്കയാറിൽ തെരച്ചിൽ ഊർജ്ജിതമാക്കി. ആൻസി(45), ചിറയിൽ ഷാജി(50), പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു(മൂന്ന്), കല്ലുപുരക്കൽ ഫൈസൽ നസീറിന്റെ മക്കളായ അപ്പു, മാളു, ഫൈസലിന്റെ സഹോദരി ഫൗസിയ മക്കളായ അഹ്യാൻ, അഫ്സാന എന്നിവരേയാണ് കാണാതായത്. കൊക്കയാർ പൂവഞ്ചിയിൽ മൂന്നുവീടുകൾ ഒലിച്ചുപോയാണ് അപകടമുണ്ടായത്.
Discussion about this post