അനാവശ്യ യാത്രകൾ ഒഴിവാക്കുക,ആവശ്യമെങ്കിൽ മാറി താമസിക്കാൻ മടിക്കരുത്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാത്ത് മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലുടനീളം ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപംകൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

നിലവിൽ സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയർഫോഴ്‌സ്‌നേയും നേവിയെയും അടിയന്തര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദേശം നൽകി. സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Exit mobile version