ഇടുക്കി: പുല്ലുപാറയില്‍ ഉരുള്‍പൊട്ടി ഒഴുക്കില്‍പെട്ട മൂന്നംഗ കുടുംബത്തിന് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. മലവെള്ളപ്പാച്ചില്‍ കണ്ട് കാറില്‍ നിന്നിറങ്ങുന്നതിനിടെയാണ് വടക്കെ ഇന്ത്യയിലെ കുടുംബം അപകടത്തില്‍പെട്ടത്.
ശനിയാഴ്ചയാണ് സംഭവം. ഇടുക്കിയിലെ മലയോര പ്രദേശങ്ങള്‍ കാണാനെത്തിയവരായിരുന്നു ഇവര്‍. ഗുജറാത്ത് സ്വദേശികളാണ് അപകടത്തില്പെട്ടെതെന്നാണ് വിവരം. കാറില്‍ യാത്ര ചെയ്യവെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഇടത്ത് ഉരുള്‍പൊട്ടിയത്.
മണ്ണ് ഒലിച്ച് വരുന്നത് കണ്ടതിനെ തുടര്‍ന്ന് സംഘം കാറില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കായതിനാല്‍ അതുവഴി വന്ന കെഎസ്ആര്‍ടിസി ജീവനക്കാരാണ് സംഘത്തെ ഒഴുക്കില്‍ നിന്ന് ഇവരെ രക്ഷിച്ചത്.
റോഡ് ബ്ലോക്ക് ആയത് കാരണം എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് അരമണിക്കൂറോളം ഇവിടെ നിര്‍ത്തിയിട്ടിരുന്നു. നിര്‍ത്തിയിട്ട ബസിലിരുന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു കണ്ടക്ടറായിരുന്ന ജയ്സണ്‍.
ഇതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന ആ കാറിലെ കുട്ടി കെഎസ്ആര്‍ടിസി ബസിന്റെ ഡോറില്‍ പിടിച്ചുതൂങ്ങുന്നത് ജയ്സണ്‍ കാണുന്നത്. ഉടന്‍ തന്നെ കുത്തിയൊലിച്ച് വരുന്ന വെള്ളത്തിലേക്കിറങ്ങി ജയ്സണ്‍ ഇവരെ രക്ഷിക്കുകയായിരുന്നു.
വെള്ളത്തിലൂടെ ഒഴുകി എത്തിയവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് മുന്നിലുണ്ടായിരുന്ന കാറില്‍ നിന്നും മറ്റുമായി രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. എരുമേലി കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനാണ് ജെയ്സണ്‍.
Discussion about this post