കോട്ടയം: കനത്തമഴയെ തുടർന്ന് കോട്ടയം പുല്ലുപാറയിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്ക് രക്ഷകരായി എത്തിയത് കെഎസ്ആർടിസി ബസ് ജീവനക്കാർ. ഇന്നലെ രാവിലെയാണ് പുല്ലുപാറയിൽ ഉരുൾപൊട്ടിയത്. രാവിലെ പത്തു മണിക്ക് എരുമേലിയിലേക്ക് ബസ് പോകുന്നതിനിടെയാണ് പുല്ലുപാറയിൽ ഉരുൾപൊട്ടി കിടക്കുന്നത് കണ്ടത്. ബസിന്റെ മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. അഗ്നിശമന സേനയെത്തി ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനിടെ അടുത്ത ഉരുൾ പൊട്ടി. തുടർന്ന് പുറകിൽ കിടന്ന വാഹനങ്ങൾ മാറ്റി ബസ് പുറകോട്ട് എടുക്കുന്നതിനിടെ അവിടെയും ഉരുൾപൊട്ടലുണ്ടായി.
വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടക്ടർ കാണുകയായിരുന്നു. ഒട്ടും ആലോചിക്കാൻ നിൽക്കാതെ അദ്ദേഹം പെട്ടെന്ന് അവരെ ചാടിപ്പിടിച്ച് വണ്ടിയിൽ കയറ്റി. അതിനു ശേഷം കാറിനടിയിൽ ഒരു സ്ത്രീയുടെ കാൽ ഉടക്കി കിടക്കുന്നത് കണ്ടു. കാർ പൊക്കി അവരെ എഴുന്നൽപ്പിച്ച് അവരെയും ബസ്സിൽ കയറ്റി. അവിടെയുണ്ടായിരുന്ന വാഹനങ്ങളിൽ ഏതാണ്ട് നൂറോളം ആളുകൾ ഉണ്ടായിരുന്നു. അവരെയെല്ലാം രണ്ടു മണിവരെ സുരക്ഷിതമായ വാഹനത്തിൽ കയറ്റി ഇരുത്തി. പിന്നീട് ഇവരെ കാൽനടയായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തതെന്ന് കെഎസ്ആർടിസി ഡ്രൈവർ കെടി തോമസ് പറയുന്നു.
മഴയും ഉരുൾപ്പൊട്ടലും കനത്തനാശം വിതച്ച കോട്ടയം ജില്ലയിലെ കിഴക്കൻമേഖലയിൽ രക്ഷാപ്രവർത്തനം ഇന്നും തുടരുകയാണ്. കരസേനയും, ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലായിരിക്കും ദുരന്തമേഖലകളിലെ രക്ഷാദൗത്യം. ഉരുൾപൊട്ടലിൽ 12 പേരെ കാണാതായ കൂട്ടിക്കൽ പ്ലാപ്പള്ളിയിലായിരിക്കും ആദ്യം സേനയെത്തുക. മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ രാത്രിയോടെയാണ് പോലീസ് സംഘം കാൽനടയായി എത്തി രക്ഷാപ്രവർത്തനം നടത്തിയത്.