കോട്ടയം: കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലില്‍ കരസേനാ സംഘമെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ 40 അംഗ കരസേനാ സംഘമാണ് കൂട്ടിക്കലിലെത്തിയത്. സംഘം സെന്റ് ജോര്‍ജ് സ്കൂളില്‍ ക്യാംപ് ചെയ്യും. മണിമലയില്‍ നിലവില്‍ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. വെള്ളാവൂര്‍, കോട്ടാങ്ങല്‍, കുളത്തൂര്‍മൂഴി എന്നിവിടങ്ങളിലും മഴ ശക്തമാണ്. വെള്ളാവൂരിനയെും മണിമലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുളത്തൂര്‍ തൂക്കുപാലവും മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കോട്ടയം കൂട്ടിക്കലില്‍ പഞ്ചായത്തില്‍ രണ്ടിടങ്ങിളാണ് ഇന്ന് ഉരുള്‍പൊട്ടിയത്. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. നാലുപേര്‍ മരിച്ചു. മൂന്ന് കുടുംബങ്ങളിലായി 13 പേരെയാണ് കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ മണ്ണെടുപ്പ് നിരോധിച്ചു. ജില്ലയില്‍ തുറന്ന 15 ദുരിതാശ്വാസ ക്യാംപുകളിലായി 75 കുടുംബങ്ങളിലെ 273 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പമ്പയിലും അച്ചന്‍കോവിലാറിലും ജലനിരപ്പുയര്‍ന്നു. മലപ്പള്ളി തിരുമാലിട ക്ഷേത്രവും ആറന്മുള സത്രക്കടവും മുങ്ങി.
മലങ്കര, മലമ്പുഴ, കക്കയം, അരുവിക്കര, തെന്മല പരപ്പാര്‍, പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, ആളിയാര്‍, പോത്തുണ്ടി, കല്ലാര്‍, പേപ്പാറ, നെയ്യാര്‍ ഡാമുകളാണ് ശക്തമായ മഴയെ തുടര്‍ന്ന് തുറന്നത്. അറബിക്കടില്‍ ന്യൂനമര്‍ദം ശക്തികുറഞ്ഞെങ്കിലും കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലിയില്‍ ശക്തമായ മഴ തുടരുകയാണ്.
Discussion about this post