തൃശ്ശൂര്‍: നൈജീരിയന്‍ യുവതിയുടെ പ്രസവത്തിന് കരുതലൊരുക്കി തൃശ്ശൂര്‍ ജനറല്‍ ആശുപത്രി. നൈജീരിയക്കാരായ ബില്യാമിനുവിന്റെയും ബിന്തയുടെയും ആദ്യത്തെ കണ്മണി ‘മുഹമ്മദ്’ ആണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിറന്നത്.
സൗജന്യമായി മികച്ച രീതിയിലുള്ള പ്രസവ ചികിത്സ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മൂവരും നൈജീരിയയിലേക്ക് മടങ്ങിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ മികച്ച സേവനത്തെ കുറിച്ച് ബില്യാമിനു എഴുതിയ കത്ത് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്ക്കെല്ലാമുള്ള അംഗീകാരമാണ്.
വടക്കന്‍ നൈജീരിയക്കാരനായ മുപ്പതുകാരനായ ഹലിരു ബില്യാമിനു കാര്‍ഷിക സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. നാലു വര്‍ഷമായി കേരളത്തിലുണ്ട്.
ഇടയ്ക്ക് ഭാര്യ ബിന്ത ഫാത്തിമയും ഒപ്പമെത്തി. ഇവിടെ വച്ച് ബിന്ത ഗര്‍ഭിണിയാകുകയും കോവിഡ് കാലമായതിനാല്‍ തിരികെ നൈജീരിയയിലേക്ക് പോകാനാകാതെ വരികയും ചെയ്തു.
വീട്ടുകാരില്‍ നിന്നകന്ന് അന്യദേശത്ത് പ്രസവം നടത്തേണ്ടി വരുന്ന അങ്കലാപ്പിലായിരുന്നു ഇരുവരും. സ്വകാര്യ ആശുപത്രികളിലെ ഉയര്‍ന്ന നിരക്ക് ഇവര്‍ക്കു താങ്ങാനാകുമായിരുന്നില്ല. പലയിടത്തും അന്വേഷിച്ചതിനു ശേഷം ഒടുവില്‍ ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ഇവര്‍ക്ക് മകന് പിറക്കുന്നത്.
5 ദിവസത്തോളം ആശുപത്രിയില്‍ താമസിച്ചു. ഒറ്റയ്ക്കായിപ്പോയ ബിന്തയ്ക്ക് എല്ലാ സഹായങ്ങളും ഒരുക്കി നല്‍കിയത് ആശുപത്രി അധികൃതര്‍ ആണ്. നന്ദി പ്രകടിപ്പിച്ച് ബില്യാമിനു പങ്കുവച്ച കുറിപ്പില്‍ ജനറല്‍ ആശുപത്രിയിലെ സേവനങ്ങളെ ഏറെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ജീവനക്കാരുടെ കാരുണ്യം, സേവന സന്നദ്ധത എന്നിവയെല്ലാം എടുത്തു പറഞ്ഞ കുറിപ്പില്‍ ഗൈനക്കോളജി വകുപ്പിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടുമുള്ള സ്നേഹവും നന്ദിയുമെല്ലാം കാണാം.
ഉന്നത നിലവാരമുള്ള സൗജന്യ ചികിത്സ നല്കുന്ന ആരോഗ്യ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും പ്രത്യേകമായി നന്ദി അറിയിച്ചിട്ടുണ്ട്. ഭാര്യയെയും കുഞ്ഞിനെയും ജന്മനാട്ടിലെത്തിച്ചിട്ടു ബില്യാമിനു തിരികെ കേരളത്തിലെത്തി.
Discussion about this post