ഞങ്ങള്‍ പുഴയിലേയ്ക്ക് വീണതല്ല, ഭര്‍ത്താവ് തള്ളിയിട്ടതാണ്; ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ അമ്മയുടെ മൊഴി പുറത്ത്, നടന്നത് കൊലപാതകമോ..?

പാനൂര്‍: പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും ഒന്നര വയസുകാരിയെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴത്തിരിവ്. അപകടം, അഥവ, ആത്മഹത്യാശ്രമം എന്ന നിഗമനത്തെ പൊളിച്ച് കൊലപാതകത്തിലേയ്ക്ക് ചൂണ്ടുന്ന നിര്‍ണ്ണായക മൊഴി പുറത്ത് വന്നിരിക്കുകയാണ്. തന്നെയും മകളെയും ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന് അമ്മ വെളിപ്പെടുത്തി. അപകടത്തില്‍ കുഞ്ഞ് മരിച്ചു. അമ്മയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25) യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയുമാണ് പുഴയില്‍ വീണത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. അതേസമയം, മകള്‍ മരിച്ച വിവരം സോനയെ ഇതുവരെയും അറിയിച്ചിട്ടില്ല.

പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കില്‍ പുഴയ്ക്ക് സമീപത്ത് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്ത ബൈക്ക് പോലീസ് അടുത്ത വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, സോനയുടെ ഭര്‍ത്താവ് ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഭര്‍ത്താവിന്റെ പേരില്‍ കൊലപാതകത്തിന് കേസെടുത്തു.

Exit mobile version