തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെ നിലവിലെ സ്ഥിതി ഹൈക്കോടതി നിരീക്ഷക സമിതി തീരുമാനിക്കട്ടെയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ഹൈക്കോടതി നിരീക്ഷക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ശബരിമലയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികള്‍ അവര്‍ വിലയിരുത്തുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരീക്ഷക സമിതി എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയിലെ പ്രത്യേകം സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി രണ്ട് മുതിര്‍ന്ന ജഡ്ജിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും അടങ്ങുന്ന മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ ചെയ്യുന്നത്. നിരീക്ഷകസമതി ഇക്കാര്യം പരിശോധിച്ച് നിലപാട് അറിയിച്ചാല്‍ സര്‍ക്കാര്‍ അക്കാര്യം നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
അതേസമയം, തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയുടെ നേതാവ് ശെല്‍വിയടക്കമുള്ള 11 അംഗ സംഘം ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. മൂന്ന് മണിക്കൂറിലേറെയായി ഒരു വശത്ത് പ്രതിഷേഘക്കാരും മറുവശത്ത് യുവതീസംഘവും കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം തുടരുകയാണ്.
പോലീസ് ശെല്‍വിയടക്കമുള്ള യുവതികളുമായി അനുനയ ചര്‍ച്ച നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മനിതി സംഘം. അതേസമയം പ്രതിഷേധക്കാരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്.
Discussion about this post