കൂത്തുപറമ്പ്: ഫോണിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിനെ തേടി കൂത്തുപറമ്പിലെത്തിയ കൊച്ചി ഞാറയ്ക്കല്‍ സ്വദേശിയായ 68കാരന് വണ്ടിക്കൂലി നല്കി തിരികെ അയച്ച് പോലീസ്. വനിതാ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് മധ്യവയസ്കന് വലഞ്ഞത്. ഒടുവില്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിയ ഇദ്ദേഹത്തെ കബളിപ്പിച്ചതാണെന്ന് പോലീസിന് ബോധ്യപ്പെട്ടു.
ശേഷം വണ്ടിക്കൂലി നല്കി പറഞ്ഞയക്കുകയായിരുന്നു. മൊബൈല്‍ഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ മധ്യവയസ്കന് കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല.
ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പോലീസിനോട് ഇയാള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞതോടെയാണ് കബളിപ്പിക്കുകയാണെന്ന് ബോധ്യപ്പെട്ടത്. മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. ഭര്‍ത്താവ് മരിച്ച യുവതിയെ സാമ്പത്തികമായി സഹായിക്കാമെന്ന് കരുതി, കാര്യങ്ങള്‍ നേരിട്ടറിയാനാണ് കൂത്തുപറമ്പിലെത്തിയതെന്ന് 68കാരന് പറയുന്നു.
Discussion about this post