ബുക്ക് സ്റ്റാളിലേക്ക് പോയ സൂര്യ കൃഷ്ണ എങ്ങോട്ട് പോയി: ഒന്നരമാസമായിട്ടും തുമ്പില്ലാതെ അന്വേഷണം; എവിടെയാണെന്ന് വിളിച്ചറിയിച്ചാലെങ്കിലും മതിയെന്ന് കുടുംബം

പാലക്കാട്: ആലത്തൂരില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കുറിച്ച് തുമ്പൊന്നും കിട്ടാതെ അന്വേഷണസംഘം. ഒന്നരമാസം പിന്നിട്ടിട്ടും സൂര്യ കൃഷ്ണയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ബുക്ക് വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ സുര്യ കൃഷ്ണയ്ക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം. അന്വേഷണത്തില്‍ യാതൊരു തുമ്പും കിട്ടാതായതിനെ തുടര്‍ന്നാണ് സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയത്.

2020 ഓഗസ്റ്റ് 30നാണ് ആലത്തൂര്‍ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകള്‍ സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛന്‍ ജോലി ചെയ്യുന്ന കടയിലേക്ക് പോയതായിരുന്നു അവള്‍. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളില്‍ നിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ രാധാകൃഷ്ണനെ സുനിത വിളിച്ചിരുന്നു.

മകള്‍ ഇറങ്ങിയ കാര്യം അറിയിച്ചു. 15 മിനിറ്റിനുള്ളില്‍ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അവള്‍ എത്തിയില്ല. അച്ഛന്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവിടെയുമില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സൂര്യ തിരിച്ചുവന്നില്ല. പാലക്കാട് മേഴ്‌സി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയാണ് സൂര്യകൃഷ്ണ.

തമിഴ്‌നാട്ടിലെ സൂര്യ കൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഗോവയില്‍ വീട് വെച്ച് താമസിക്കണമെന്ന് സൂര്യകൃഷ്ണ പറഞ്ഞതിനാല്‍ അവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന് ഗോവ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

കേരളം ഏറെ ചര്‍ച്ച ചെയ്ത ജെസ്‌നയുടെ തിരോധാനം പോലെ സൂര്യയുടെ തിരോധാനവും മാറുകയാണ്. എവിടെയാണെങ്കിലും സുഖമായിരിക്കുന്നു എന്നു മാത്രം അറിഞ്ഞാല്‍ മതി അച്ഛനും അമ്മയ്ക്കും. പിണക്കത്തിന്റെയോ ദേഷ്യത്തിന്റെയോ പേരിലാണ് അവള്‍ പോയതെങ്കില്‍, എവിടെയുണ്ട് എന്ന് വിളിച്ചറിയിച്ചാലെങ്കിലും സമാധാനമുണ്ടാകുമെന്ന് അച്ഛന്‍ രാധാകൃഷ്ണന്‍ പറയുന്നു.

Exit mobile version