കോഴിക്കോട്: കനാലിൽ മുങ്ങിപ്പൊങ്ങി ജീവന് വേണ്ടി പിടഞ്ഞ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവിന് ദാരുണമരണം. വടകര അരയാക്കൂൽ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീർ (40) ആണ് മരിച്ചത്. മാഹി കനാലിൽ ഒഴുക്കിൽ പെട്ട മൂന്ന് കുട്ടികളെ കരയ്ക്കെത്തിച്ച സഹീർ വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു. ഒന്നര മണിക്കൂറോളം സമയം നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തി.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മാഹി കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു കുട്ടികളാണ് ഒഴുക്കിൽ അകപ്പെട്ടത്. ഇവർക്കൊപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് സഹീർ ഓടിയെത്തിയത്. ഉടൻ തന്നെ ഇദ്ദേഹം കനാലിലേക്ക് ചാടി മൂന്നു കുട്ടികളെയും കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇയാൾ കയത്തിൽപ്പെട്ട് മുങ്ങി പോകുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും സഹീറിനെ രക്ഷിക്കാനായില്ല.
പിന്നീട് വടകരയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തെരച്ചിൽ തുടർന്നത്. ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് സഹീറിന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post