പാലക്കാട്: ഗൂഗിള്‍ മാപ്പ് കാണിച്ച കോയമ്പത്തൂരിലേക്കുള്ള എളുപ്പവഴിയെന്ന നിലയിലാണ് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനുള്ള കൂറ്റന്‍ ട്രക്കുകള്‍ അട്ടപ്പാടി ചുരം വഴി യാത്ര തുടര്‍ന്നത്.
എട്ടാം വളവ് വരെ വാഹനങ്ങള്‍ എത്തി. ഏഴാംമൈലില്‍ ഒരു ട്രക്ക് കുടുങ്ങി. രണ്ടാമത്തെ ട്രക്ക് എട്ടാം മൈലില്‍ മറിയുകയും ചെയ്തു. ഇതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ചുരം റോഡില്‍ കുടുങ്ങിയത്. 11 മണിയോടെ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ലോറികള്‍ റോഡില്‍ നിന്നും മാറ്റിയതോടെയാണ് വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയത്.
16 ടയറുകളുള്ള രണ്ട് ട്രക്കുകളാണ് അട്ടപ്പാടി ചുരത്തില്‍ കുടുങ്ങിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് ട്രക്കുകള്‍ ചുരത്തില്‍ കുടുങ്ങിയത്.
ദൂരം കുറയുമെന്ന കാരണത്താലാണ് വലിയ വാഹനങ്ങള്‍ പലപ്പോഴും ചുരം വഴിയുള്ള മാര്‍ഗം തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ കടന്നുപോകുന്നതിന് അസൗകര്യമുണ്ടെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പോലീസും അഗ്‌നിശമന സേനയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കണ്ടെയ്നറുകള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.