തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങി 22കാരി അനുപമ. ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്നും പിന്നീട് ആ കുട്ടിയെ കണ്ടിട്ടില്ലെന്നുമാണ് അനുപമയുടെ ആരോപണം. സംഭവത്തില്‍, പേരൂര്‍ക്കട പൊലീസിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി പറയുന്നു. പേരൂര്‍ക്കടയിലെ പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രന്റെ മകളാണ് രംഗത്തു വന്നത്. എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന അനുപമയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മില്‍ പ്രണയത്തിലായി.
അജിത്ത് വിവാഹിതന് ആയതുകൊണ്ടും മറ്റും വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നതായി അനുപമ പറയുന്നു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായി. വീട്ടുകാരുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 19 ന് സിസേയറിനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്കി. അതേസമയം, ജനുവരിയില്‍ വിവാഹമോചനം നേടിയ അജിത്ത് മാര്‍ച്ച് മാസം മുതല്‍ അനുപമയ്ക്കൊപ്പം താമസം തുടങ്ങി.
ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്കി. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു. കുട്ടിയെ അനുപമയുടെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛന് ജയചന്ദ്രന്റെ വിശദീകരണം.
Discussion about this post