കായംകുളം: ആദ്യം ഏതെങ്കിലും വാഹനം മോഷ്ടിക്കും പിന്നീട് അതേ വാഹനത്തിൽ യാത്ര നടത്തി ആരുടെയെങ്കിലും മാല മോഷ്ടിക്കും, ഇതാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവതിയുടേയും രണ്ട് യുവാക്കളുടേയും മോഷണരീതി. വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ (22), കോട്ടയം കൂട്ടിക്കൽ ഏന്തയാർ ചാനക്കുടി വീട്ടിൽ ആതിര (24), മാല വിൽക്കാൻ സഹായിച്ച കരുനാഗപ്പള്ളി തഴവ കടത്തൂർമുറിയിൽ ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ (19) എന്നിവരെയാണ് കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അൻവർ ഷായും സുഹൃത്ത് ജയകൃഷ്ണനും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒട്ടേറെ മാലമോഷണക്കേസുകളിൽ പ്രതികളാണ്.
പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിതാ ഭവനത്തിൽ സജീവന്റെ ഭാര്യ ലളിതയുടെ ഒന്നരപ്പവന്റെ മാല ഓഗസ്റ്റ് 26ന് മോഷ്ടിച്ച കേസിലാണ് അറസ്റ്റുണ്ടായത്. ചെട്ടികുളങ്ങരയിൽ വെച്ചാണ് മാല പൊട്ടിച്ചത്. സ്‌കൂട്ടറിനു പിന്നിലിരുന്ന ആതിരയാണ് മാല പൊട്ടിച്ചതെന്നു പോലീസ് പറഞ്ഞു. ഇതിനു ശേഷം കൃഷ്ണപുരം മുക്കടയ്ക്കു സമീപം സ്‌കൂട്ടർ ഉപേക്ഷിച്ചു.
മാല പിന്നീട് ഓച്ചിറയിലെ സ്വർണാഭരണശാലയിൽ വിറ്റ ശേഷം ബംഗളൂരുവിലേക്കു കടന്നു. ഈ സ്‌കൂട്ടർ തിരുവല്ലയിൽ നിന്ന് അൻവർ ഷായും ആതിരയും ചേർന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തി. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 29ന് സ്വർണനഗർ പ്രദേശത്തുനിന്ന് 65 വയസ്സുള്ള വിരുതമ്മാൾ എന്ന സ്ത്രീയുടെ 9.5 പവന്റെ മാലയും പ്രതികൾ കവർന്നതായി പോലീസ് പറഞ്ഞു.
പ്രതികൾ എറണാകുളത്ത് എത്തിയെന്ന വിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ സാന്നിധ്യത്തിൽ ഓച്ചിറയിലെ സ്വർണക്കടയിൽ നിന്നു ലളിതയുടെ മാല വീണ്ടെടുത്തു. കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു.
എസ്‌ഐ അനന്തകൃഷ്ണൻ, എഎസ്‌ഐ ഉദയൻ, എസ്സിപിഒമാരായ ബിനുമോൻ, ലിമു മാത്യു, റെജി, അനൂപ്, ബിജുരാജ്, സതീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Discussion about this post