തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതൽ അദാനി ഗ്രൂപ്പിന് സ്വന്തം. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവു എയർപോട്ട് ഡയറക്ടർ സി രവീന്ദ്രനിൽ നിന്ന് കരാർ രേഖകൾ ഏറ്റുവാങ്ങി. 50 വർഷത്തേക്കാണ് കരാർ.
വിമാനത്താവളം ഏറ്റെടുക്കലിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കൈമാറ്റം നടന്നത്. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയിൽ അപ്പീൽ നിലവിലുണ്ട്.
വിമാനത്താവളം ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പൂർണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാരെ മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം.
വിമാനത്താവളത്തിൽ നിലവിൽ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക് എയർപോർട്ട് അതോറിറ്റിയുടെ തന്നെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post