കൊച്ചി: ഉത്രവധക്കേസിൽ പ്രതി സൂരജിന് വധശിക്ഷ വിധിക്കാത്തതിന്റെ പേരിൽ വിമർശിക്കുന്നവരോട് ജയിലുകളുടെ ധർമ്മവും കുറ്റവാളികളുടെ അവകാശങ്ങളും വിശദീകരിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ കുറിപ്പ്. ജയിലുകൾ എന്നാൽ പൊതുപണം ഉപയോഗിച്ചു ക്രിമിനലുകളെ പാർപ്പിച്ചു മെച്ചപ്പെട്ട മനുഷ്യരാക്കി മാറ്റാൻ ശ്രമിക്കുന്ന സംവിധാനത്തിന്റെ പേരാണെന്നും നികുതി പണത്തിൽ നിന്നു തന്നെയാണ് ചെലവുകൾ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
നികുതി പണം തിന്നു കൊഴുക്കാനാണോ ജീവപര്യന്തം ശിക്ഷ വിധിച്ചതെന്നും വധശിക്ഷയാണ് സൂരജിന് വിധിക്കേണ്ടിയിരുന്നതെന്നുമാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന അഭിപ്രായം. എന്നാൽ, നികുതി കൊടുക്കുന്നതിന്റെ കണക്കും പറഞ്ഞു ജയിലിലെ സൗകര്യങ്ങൾ വാഴ്ത്തുന്നവർ, അസംബന്ധം പറയുന്നത് നിർത്തിയിട്ട്, പോയി ജയിലിൽ കിടന്ന് ആ സൗകര്യങ്ങൾ ആസ്വദിച്ചു അവരുടെ നികുതിപ്പണം മുതലാക്കുന്നതല്ലേ നല്ലതെന്ന് ചോദിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:
കുറ്റകൃത്യം ചെയ്തവരെന്നു വിചാരണാകോടതി കണ്ടെത്തിയവരെയും, അത് ശരിയല്ലെന്നു മേൽക്കോടതിയിൽ അപ്പീൽ നല്കിയവരെയും വിചാരണ കാത്തിരിക്കുന്നവരെയും പാർപ്പിക്കുന്ന ഇടമാണ് ജയിൽ. മലമൂത്ര വിസർജ്ജനത്തിനു പോലും സമയക്ലിപ്തത പാലിച്ചു മാത്രം പ്രാഥമികസൗകര്യം കിട്ടുന്ന ഇടമാണ് ജയിൽ. നാലും അഞ്ചും വർഷത്തെ ശിക്ഷ കഴിയുമ്പോൾ മേൽക്കോടതി, ഇവർ പ്രതികളേ അല്ലെന്നും മറ്റൊരാളാണ് കുറ്റം ചെയ്തതെന്നും കണ്ടെത്തിയ കേസുകളുണ്ട്…
Prison and Correctional Services എന്നാണ് ആ വകുപ്പിന്റെ പേര്. പൊതുപണം ഉപയോഗിച്ചു ക്രിമിനലുകളെ പാർപ്പിച്ചു മെച്ചപ്പെട്ട മനുഷ്യരാക്കി മാറ്റാൻ ശ്രമിക്കുന്ന സംവിധാനത്തിന്റെ പേരാണ് ജയിൽ. inmates ന്റെ ഭക്ഷണവും അവശ്യ സൗകര്യങ്ങളും ചികിത്സയും വിനോദവും വരെ സർക്കാർ ചെലവിലാണ്. അതിനുള്ള പണം ചെലവാക്കുന്നത് ബജറ്റിൽ നിന്ന് തന്നെയാണ്. സർക്കാരിന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ് അത്. ജയിൽവാസകരെ പണിയെടുപ്പിച്ച് ഭക്ഷണം ഉണ്ടാക്കി വിറ്റു സർക്കാർ എത്രയോ പണം ഉണ്ടാക്കുന്നുണ്ട് എന്നത് വേറെ. ലാഭനഷ്ട കണക്ക് നോക്കാൻ ജയിൽ ഒരു കച്ചവടമല്ല.
നികുതിപ്പണം സ്‌റേറ്റിന് പൗരൻ നൽകുന്ന ഔദാര്യമല്ല. നികുതി സ്റ്റേറ്റിന്റെ നിലനിൽപ്പാണ്. അതെങ്ങനെ ചെലവാക്കണം എന്നതിന് പോലും ഭരണഘടനയുടെ അതിരുകൾക്ക് അകത്ത് നിന്നേ സർക്കാരുകൾക്ക് പോലും തീരുമാനിക്കാനാകൂ. പൗരന് അതേപ്പറ്റി അഭിപ്രായം പറയാനുള്ള അവകാശത്തിന്റെ അതിര് വ്യക്തമാണല്ലോ.
ജയിലിൽ തീറ്റ കൊടുക്കുന്നത് എന്റെ നികുതിപ്പണം ആണെന്ന് വേവലാതിപ്പെടുന്നവർക്ക് ജനാധിപത്യ ക്രമം ചേരില്ല. പല്ലിനു പല്ല് എന്ന നീതി വേണ്ടവർ വല്ല ഇസ്‌ലാമിക് സ്റ്റേറ്റിലോ രാജഭരണത്തിലോ ഗോത്രവർഗ്ഗങ്ങളിലോ പോകുന്നതാണ് നല്ലത്.
കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കഴിഞ്ഞാൽ, ജീവിതം ബാക്കിയുണ്ടെങ്കിൽ, അന്തസ്സായി മറ്റു മനുഷ്യരെപ്പോലെ നമുക്കിടയിൽ ജീവിക്കാൻ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണ് ഇൻഡ്യയിൽ. അതാണ് ആധുനികസമൂഹത്തിന്റെ ലക്ഷണവും. ജീവപര്യന്തം ജയിൽ എന്നാൽ ജീവനുള്ള കാലത്തോളം ജയിലിൽ എന്നു തന്നെയാണ് അർത്ഥം എന്നു കോടതികൾ പലവുരു പറഞ്ഞിട്ടുള്ളതുമാണ്.
ജയിലിലെ ഭക്ഷണത്തിൽ ആർഭാടം ഉണ്ടോ, അത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റവാളികളെ reform ചെയ്യാൻ പര്യാപ്തമാണോ, യഥാർത്ഥത്തിൽ reformation നടക്കുന്നുണ്ടോ… എന്നൊക്കെയുള്ള ചർച്ച മെറിറ്റിൽ നടക്കേണ്ടതുണ്ട്.
നികുതി കൊടുക്കുന്നതിന്റെ കണക്കും പറഞ്ഞു ജയിലിലെ സൗകര്യങ്ങൾ വാഴ്ത്തുന്നവർ, അസംബന്ധം പറയുന്നത് നിർത്തിയിട്ട്, പോയി ജയിലിൽ കിടന്ന് ആ സൗകര്യങ്ങൾ ആസ്വദിച്ചു അവരുടെ നികുതിപ്പണം മുതലാക്കുന്നതല്ലേ നല്ലത്??
Discussion about this post