കൊല്ലം: രാജ്യത്തെ തന്നെ അപൂര്‍വ്വ കൊലപാതകങ്ങളില്‍ ഒന്നാണ് അഞ്ചലിലെ ഉത്ര വധം. പാമ്പിനെ ആയുധമാക്കിയായിരുന്നു കൊലപാതകം. കേസില്‍ പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിനുള്ള ശിക്ഷ വിധിച്ചിരിക്കുകയാണ്. വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉത്രയുടെ കുടുംബവും കേരളക്കരയും.
എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസാണ് ഇതെന്ന് അംഗീകരിച്ച കോടതി പ്രതി മുന്‍കാലത്ത് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതും പ്രതിയുടെ പ്രായവും പരിഗണിച്ച് വധശിക്ഷ ഒഴിവാക്കി. പ്രതിക്ക് കുറ്റകൃത്യ പശ്ചാത്തലമില്ല. 27 വയസ്സാണ് പ്രായം. കുറ്റകൃത്യത്തില്‍ പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂഷന് പറഞ്ഞു.
17 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം ഇരട്ട ജീവപര്യന്തവും അനുഭവിക്കണം. ഒപ്പം അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 302-ാം വകുപ്പ് പ്രകാരം ആസൂത്രിത കൊലപാതകത്തിന് ജീവപര്യന്തവും 307-ാം വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിന് മറ്റൊരു ജീവപര്യന്തം. 328ാം വകുപ്പ് പ്രകാരം വിഷംനല്‍കി പരിക്കേല്‍പ്പിക്കലിന് പരാമാധി ശിക്ഷയായ പത്ത് വര്‍ഷം തടവ്, 201 -ാം വകുപ്പ് പ്രകാരം തെളിവുനശിപ്പിക്കലിന് ഏഴ് വര്‍ഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
Discussion about this post